അടിമത്തത്തിന്റെ സ്മരണകൾ പേറുന്ന കൊളോണിയൽ അവശിഷ്ടങ്ങൾ ഭാരതീയ മണ്ണിൽ നിന്ന് തുടച്ചുനീക്കാനുള്ള നിർണ്ണായക നീക്കവുമായി ഇന്ത്യൻ സൈന്യം. സൈനിക കേന്ദ്രങ്ങളിലെയും കന്റോൺമെന്റുകളിലെയും 246 റോഡുകൾ, കെട്ടിടങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുടെ പേരുകൾ മാറ്റി ന രാജ്യത്തിന്റെ വീരപുത്രന്മാരുടെ പേരുകൾ നൽകി സൈന്യം ഉത്തരവിറക്കി. ഭാരതത്തിന്റെ തനിമയും സൈനിക പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, പരമവീര ചക്ര ജേതാക്കൾക്കും യുദ്ധവീരന്മാർക്കും അർഹമായ ആദരവ് നൽകാനാണ് ഈ ചരിത്രപരമായ തീരുമാനം.
ബ്രിട്ടീഷ് ഭരണകാലത്തെ സ്മരിപ്പിച്ചിരുന്ന 124 റോഡുകൾ, 77 സൈനിക കോളനികൾ, 27 കെട്ടിടങ്ങൾ, 18 പാർക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിവയ്ക്കാണ് ഇപ്പോൾ പുതിയ പേരുകൾ നൽകിയിരിക്കുന്നത്. ഡൽഹി കന്റോൺമെന്റിലെ പ്രശസ്തമായ ‘മാൾ റോഡ്’ ഇനി മുതൽ ‘അരുൺ ഖേത്രപാൽ മാർഗ്’ എന്ന് അറിയപ്പെടും. കിർബി പ്ലേസ് എന്ന ഉദ്യോഗസ്ഥ വസതിക്ക് ‘കെനുഗുരുസെ വിഹാർ’ എന്നാണ് പുതിയ പേര്. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഫോർട്ട് വില്യം ഇനി മുതൽ ‘വിജയ് ദുർഗ്’ എന്നാകും വിളിക്കപ്പെടുക. അംബാല കന്റോൺമെന്റിലെ പാറ്റേഴ്സൺ റോഡ് ക്വാർട്ടേഴ്സിന് ‘ധൻ സിംഗ് താപ്പ എൻക്ലേവ്’ എന്നും മഥുരയിലെ ഹോൺ ലൈനിന് ‘അബ്ദുൾ ഹമീദ് ലൈൻസ്’ എന്നും പേര് നൽകി.
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ (IMA) കൊളിൻസ് ബ്ലോക്കും കിംഗ്സ്‌വേ ബ്ലോക്കും ഇനി മുതൽ ‘നുബ്ര ബ്ലോക്ക്’, ‘കാർഗിൽ ബ്ലോക്ക്’ എന്നിങ്ങനെ അറിയപ്പെടും. ബറേലിയിലെ ന്യൂ ബേർഡ്‌വുഡ് ലൈൻ ‘തിമ്മയ്യ കോളനി’യായും ജയ്പൂരിലെ ക്വീൻസ് ലൈൻ റോഡ് ‘സുന്ദർ സിംഗ് മാർഗ്’ ആയും മാറി. സഖാമ മിലിട്ടറി സ്റ്റേഷനിലെ സ്പിയർ ലേക്ക് മാർഗിന് ധീരസൈനികൻ ‘ഹാങ്പൻ ദാദ’യുടെ പേരാണ് നൽകിയിരിക്കുന്നത്. നാഗാലാന്റിലെ രംഗപഹാർ സ്പോർട്സ് കോംപ്ലക്സ് ഇനി മുതൽ ‘ലെയ്ഷ്രാം ജ്യോതിൻ സിംഗ് സ്പോർട്സ് കോംപ്ലക്സ്’ ആയിരിക്കും.
ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ജീവൻ ബലിനൽകിയ ധീരന്മാർക്ക് അവരുടെ സേവന കേന്ദ്രങ്ങളിൽ തന്നെ ഉചിതമായ സ്ഥാനം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശ ഭരണാധികാരികളുടെ പേരുകൾക്ക് പകരം നമ്മുടെ മണ്ണിന്റെ മണമുള്ള, നമ്മുടെ വീരഗാഥകൾ പറയുന്ന പേരുകൾ സൈനിക പരിസരങ്ങളിൽ മുഴങ്ങുന്നത് ഓരോ ഭാരതീയനും അഭിമാനം നൽകുന്ന കാര്യമാണ്. സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും പരിശീലനം നടത്തുന്ന ഇടങ്ങൾ ഇനി മുതൽ ഭാരതത്തിന്റെ സ്വന്തം മൂല്യങ്ങളെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കും. അടിമത്തത്തിന്റെ ചിഹ്നങ്ങൾ ഇല്ലാതാക്കി നവഭാരതത്തിന്റെ ആത്മവിശ്വാസം ഉയർത്തുന്ന ഈ നീക്കത്തെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ആവേശത്തോടെയാണ് രാജ്യം വരവേൽക്കുന്നത്.









