ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. ഏപ്രിൽ ഒന്ന് വരെയാണ് കസ്റ്റഡി കാലാവധി. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി. തിങ്കളാഴ്ച്ച 11.30ന് മുൻപ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം.
അഭിഭാഷകനെ മറികടന്ന് ഇഡിയോട് നേരിട്ടാണ് കെജ്രിവാൾ ചോദ്യങ്ങൾ ചോദിച്ചിരുന്നത്. ഇഡിയോട് കെജ്രിവാൾ രൂക്ഷഭാഷയിൽ സംസാരിക്കുകയും ചെയ്തു. കെജ്രിവാൾ കോടതിയിൽ ഷോ കാണിക്കുകയാണെന്ന് ഇഡി കുറ്റപ്പെടുത്തി.
വൻ സുരക്ഷ സന്നഹങ്ങളോടെയാണ് അരവിന്ദ് കെജ്രിവാളിനെ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. സുരക്ഷയ്ക്കായി കോടതിക്ക് പുറത്ത് കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. ആം ആദ്മി പാർട്ടി നേതാക്കളും ഡൽഹിയിലെ മന്ത്രിമാരും ആയ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരും കെജ്രിവാളിന്റെ ഭാര്യ സുനിതയും കോടതിയിൽ എത്തിച്ചേർന്നിരുന്നു.










