കൊൽക്കത്ത : സന്ദേശ്ഖാലി സമര നായികയും ബിജെപി സ്ഥാനാർത്ഥിയുമായ രേഖ പത്രയുടെ സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തിയതായി പരാതി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ ദേബാങ്ഷു ഭട്ടാചാര്യ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ ആണ് രേഖ പത്രയുടെ വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അടക്കമുള്ളവ പങ്കുവെച്ചത്. ദേബാങ്ഷു ഭട്ടാചാര്യയ്ക്കെതിരെ രേഖ ദേശിയ വനിതാ കമ്മീഷനിലും പട്ടികജാതി കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.
പശ്ചിമബംഗാളിൽ മമതാ ബാനർജി നടപ്പിലാക്കിയിട്ടുള്ള വീട്ടമ്മമാർക്കുള്ള സ്വാസ്ഥ്യ സതി സ്കീമിൽ അംഗമായി ആനുകൂല്യം കൈപ്പറ്റിയിട്ടുള്ള വ്യക്തിയാണ് ബിജെപി സ്ഥാനാർഥിയായ രേഖ പത്ര എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് ദേബാങ്ഷു ഭട്ടാചാര്യയുടെ സമൂഹമാദ്ധ്യമ പോസ്റ്റ്. രേഖ പത്ര സർക്കാർ ആനുകൂല്യം കൈപ്പറ്റി എന്ന് കാണിക്കുന്നതിനായി രേഖയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തി വിവരങ്ങളും ഇയാൾ പരസ്യപ്പെടുത്തിയിരുന്നു.
സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യ പദ്ധതി ആ സംസ്ഥാനത്തെ ഒരു വനിത കൈപ്പറ്റി എന്നുള്ളതിൽ എന്ത് തെറ്റാണ് ഉള്ളത് എന്ന് ഈ വിഷയത്തിൽ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ ചോദ്യമുന്നയിച്ചു. തൃണമൂൽ കോൺഗ്രസ് സർക്കാർ നൽകുന്നു എന്ന് കരുതി മമതാ ബാനർജിയുടെ വീട്ടിൽ നിന്നുമുള്ള പണമല്ല സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകുന്നത്. ബംഗാളിലെ ഓരോ നികുതി ദായകരുടെയും പണമാണ് അത്. സാധാരണക്കാരിൽ സാധാരണക്കാരിയായ രേഖ പത്ര കൈപ്പറ്റിയത് സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യമാണ്. അല്ലാതെ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പണം അല്ല എന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു.
സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ ലൈംഗിക അതിക്രമങ്ങൾക്കെതിരെയായി ആദ്യമായി പ്രതികരിച്ചു രംഗത്ത് വരികയും സന്ദേശ്ഖാലി സമരത്തിന് നേതൃത്വം നൽകുകയും ചെയ്ത വ്യക്തിയാണ് രേഖ പത്ര. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ബിജെപി ബസിർഗഡ് മണ്ഡലത്തിൽ രേഖയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ഫോണിൽ വിളിച്ചു രേഖയെ അഭിനന്ദിച്ചിരുന്നു. ‘ശക്തിസ്വരൂപ’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രേഖ പത്രയെ വിശേഷിപ്പിച്ചിരുന്നത്.









