കാസര്‍കോട്: വിമോചന യാത്രയ്ക്ക് നാളെ തുടക്കം കുറിക്കാനിരിക്കെ മാറാടിന്റെ മണ്ണില്‍ എത്തി കലാപത്തില്‍ ജീവത്യാഗം ചെയ്തവര്‍ക്ക് ആദരവര്‍പ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇന്ന് രാവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ശ്രീശന് കോഴിക്കോട് ജില്ല കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ക്കൊപ്പം മാറാടെത്തിയ കുമ്മനം കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങാത്ത മാറാടിന്റെ ആശിര്‍വ്വാദം ഏറ്റുവാങ്ങി. മാറാട് ശ്രീ കുറുംബക്ഷേത്രത്തില് വിശേഷാല്‍ പൂജകളും നടത്തി.
വിമോചനയാത്രയുടെ തുടക്കമെന്ന നിലയിലാണ് മാറാട് എത്തിയതെന്നും, യാത്രയ്ക്ക് അനൗപചാരികമായ തുടക്കം ഈ മണ്ണില്‍ നിന്ന് തന്നെയാകണമെന്നുണ്ടായിരുന്നുവെന്നും കുമ്മനം പറഞ്ഞു. മാറാടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് കുമ്മനം രാജേശഖരന്. കലാപവുമായി ബന്ധപ്പെട്ട് മാറാട് സജീവമായിരുന്ന കുമ്മനത്തിന് നിരവധി വ്യക്തി ബന്ധങ്ങളും ഇവിടെയുണ്ട്.
നാളെ കാസര്‍ഗോഡ് ഉപ്പളയില്‍ നിന്നാണ് വിമോചന യാത്ര ആരംഭിക്കുന്നത്. എല്ലാവര്ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മുദ്രാവാക്യമുയര്‍ത്തി മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയാണ് വിമോചന . പയ്യാമ്പലത്ത് കെ.ജി.മാരാരുടെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന ചെയ്തശേഷമാണ് കുമ്മനം രാജശേഖരന് കാസര്‍കോട് എത്തുക.
ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, സിനിമാതാരം സുരേഷ് ഗോപി, ദേശീയ സെക്രട്ടറി എച്ച്.രാജ, നളീന്‍ കുമാര്‍ കട്ടീല്‍ എം.പി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. വികസിത കേരളത്തിനായി പോരാടാനുള്ള പ്രതിജ്ഞ സുരേഷ് ഗോപി ചൊല്ലിക്കൊടുക്കുന്നത് എല്ലാവരും ഏറ്റുചൊല്ലും.നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിനു നല്കിയ സഹായങ്ങള്‍ സംബന്ധിച്ച ഹൃസ്വ ചിത്രത്തിന്റെ പ്രദര്‍ശനം ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചുണ്ടാകും.
കേരളത്തിന്റെ രാഷ്ട്രീയ വികസന കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സംവിധാനം ഒരുക്കുന്ന വാഹനവും ഉണ്ടാകും.’എന്റെ നാട് എങ്ങനെ വേണം’ എന്നതിനെകുറിച്ച് പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും. സംസ്ഥാനത്തുടനീളം വിമോചന യാത്രയ്ക്കിടയില്‍ വിവിധ സമുദായിക സാസ്കാരിക നായകര്‍, ഭൂസമരങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍ തുടങ്ങിയവരുമായി യാത്രാ നായകന് കുമ്മനം രാജശേഖരന് ചര്‍ച്ചകള്‍ നടത്തും.
എഴുപതോളം വാഹനങ്ങള്‍ യാത്രയില്‍ അണിനിരക്കും. നാടന്‍പാട്ട്, തെരുവ് നാടകം തുടങ്ങിയവ അവതരിപ്പിക്കുന്ന ബിജെപി കലാസാംസ്കാരിക വിഭാഗം സഞ്ചരിക്കുന്ന ഉണര്‍വ്വ് കലാജാഥാവാഹനങ്ങള് രണ്ടെണ്ണമുണ്ട്. 25 പേരടങ്ങുന്നതാണ് സംഘം. ബിജെപി സംസ്ഥാന ഘടകവും ജന്മഭൂമിയും പ്രസിദ്ധീകരിക്കുന്ന 21ഓളം പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള പ്രത്യേക വാഹനവും യാത്രയിലുണ്ടാകും. ജാഥാനായകന് കുമ്മനം രാജശേഖരനും ജാഥ അംഗങ്ങള്‍ക്കും പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനായി രണ്ട് മനോഹരമായ രഥമാതൃകയിലുള്ള വേദികളാണ് ഒരുക്കിയിരിക്കുന്നത്.
വിമോചനയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും അപ്പപ്പോള്‍ ലോകത്തെ അറിയിക്കാന്‍ ആധുനിക മീഡിയ വാനും ഒരുങ്ങിയിട്ടുണ്ട്. പത്രങ്ങള്‍, ദൃശ്യശ്രവ്യ മാധ്യമങ്ങള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ പോലെയുള്ള സാമൂഹ്യമാധ്യമങ്ങള്‍, വെബ്സൈറ്റുകള്‍ എന്നിവക്കൊക്കെ തത്സമയം വാര്‍ത്തകള്‍ വിതരണം ചെയ്യാനുള്ള സംവിധാനമുണ്ട്. ‘എന്റെ നാട് എങ്ങനെ’ എന്ന അഭിപ്രായ സര്‍വ്വേക്ക് പ്രത്യേക വാഹനമുണ്ട്. നാട്ടിലെ വികസനസാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം രേഖപ്പെടുത്തി വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കാം.
ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് പുറമെ 150ഓളം വളണ്ടിയര്‍മാരും യാത്രയിലുണ്ടാകും.
Discussion about this post