തിരുവനന്തപുരം : കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച തിരുവനന്തപുരം സ്വദേശിയായ ക്യാപ്റ്റൻ ജെറി പ്രേംരാജിനെ അനുസ്മരിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ അതിർത്തി നുഴഞ്ഞുകയറിയ ഭീകരരെ തുരത്തിയോടിച്ച് നമ്മുടെ മണ്ണ് തിരിച്ചുപിടിക്കുന്നതിന് വേണ്ടി സ്വന്തം ജീവൻ രാജ്യത്തിന് സമർപ്പിച്ച യുദ്ധവീരൻ ആയിരുന്നു ക്യാപ്റ്റൻ ജെറി പ്രേംരാജ് എന്ന് രാജീവ് ചന്ദ്രശേഖർ അനുസ്മരിച്ചു. ക്യാപ്റ്റൻ ജെറി പ്രേംരാജിനായി അദ്ദേഹത്തിന്റെ ജന്മനാട്ടിൽ തന്നെ ഒരു യുദ്ധ സ്മാരകം നിർമ്മിക്കും എന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
നെയ്യാറ്റിൻകര സ്വദേശാഭിമാനി ഹാളിൽ നടന്ന വിമുക്തഭടന്മാരുടെ കുടുംബസംഗമത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മരണയ്ക്കായി യുദ്ധ സ്മാരകം നിർമ്മിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. ജനങ്ങൾ ഏറെ കാലമായി ആവശ്യപ്പെടുന്ന ഒന്നാണ് ജന്മനാട്ടിൽ ക്യാപ്റ്റന് വേണ്ടിയുള്ള ഒരു സ്മാരകം. വിമുക്തഭടന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി എക്കാലവും മുമ്പിൽ നിന്നിട്ടുള്ള ആളാണ് താൻ. തനിക്ക് രാജ്യത്തോടുള്ള സ്നേഹം സൈനികനായ പിതാവിൽ നിന്നും പകർന്നു കിട്ടിയതാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ചടങ്ങിൽ ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ അമ്മ ചെല്ലത്തായിയെ അദ്ദേഹം ആദരിച്ചു. മേജർ രവി, കേണൽ ഡിന്നി എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
2009 ൽ രാജ്യത്തിനായി ജീവൻ നൽകിയ പട്ടാളക്കാരുടെ ഓർമ്മയ്ക്കായി ഒരു യുദ്ധ സ്മാരകം വേണമെന്ന ആവശ്യം ഇന്ത്യൻ പാർലമെന്റിൽ ഉന്നയിച്ച വ്യക്തിയാണ് രാജിവ് ചന്ദ്രശേഖർ. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിൽ നൽകുന്നതുപോലെ ഇന്ത്യയിലും സൈനികർക്ക് അവർ അർഹിക്കുന്ന ആദരവ് വേണമെന്ന രാജീവ് ചന്ദ്രശേഖറിന്റെ പോരാട്ടത്തിന്റെ ഫലമായാണ് ഡൽഹിയിൽ ദേശീയ വാർ മെമ്മോറിയൽ സ്ഥാപിക്കപ്പെട്ടത്.
Discussion about this post