ദിസ്പുർ : അസമിൽ കനത്ത മഴയും കൊടുങ്കാറ്റും. ഞായറാഴ്ച ഉച്ചയോടു കൂടിയാണ് കനത്ത മഴ ആരംഭിച്ചത്. ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഗുവാഹത്തി വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.
ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് ഇൻ്റർനാഷണൽ (എൽജിബിഐ) വിമാനത്താവളത്തെയാണ് കനത്ത മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. ഉച്ചകഴിഞ്ഞ് പെയ്ത മഴയ്ക്ക് തൊട്ടുപിന്നാലെ വിമാനത്താവളത്തിനുള്ളിൽ വെള്ളം കയറുകയായിരുന്നു. ശക്തമായ കാറ്റിലും മഴയിലും പെട്ട് വിമാനത്താവളത്തിന്റെ സീലിങ്ങിന്റെ ചെറിയൊരു ഭാഗം തകരുകയും ചെയ്തു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആറ് വിമാനങ്ങൾ അഗർത്തലയിലേക്കും കൊൽക്കത്തയിലേക്കും തിരിച്ചുവിട്ടു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനാൽ മാലിഗാവ് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ എട്ട് മണിക്കൂറോളം വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരങ്ങൾ വീണ് നിരവധി റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
Discussion about this post