പാലക്കാട് : അഗളിയിൽ പുലി ഇറങ്ങിയതായി പരാതി. അഗളി പൂവാത്ത കോളനിക്ക് സമീപമാണ് പുലി ഇറങ്ങിയത്. പ്രദേശത്തെ ഒരു വീട്ടിൽ വളർത്തിയിരുന്ന പശുക്കുട്ടിയെ പുലി കടിച്ചു കൊന്നു.
ഞായറാഴ്ച അർദ്ധരാത്രിയോടെ ആയിരുന്നു അഗളി സ്വദേശിയായ തങ്കരാജിന്റെ വീട്ടിൽ പുലിയെത്തിയത്. തങ്കരാജിന്റെ പശുക്കുട്ടിയെ പുലി ആക്രമിക്കുകയും കടിച്ചു കൊല്ലുകയും ചെയ്തു. ബഹളം കേട്ടെങ്കിലും വീട്ടിൽ കറണ്ടില്ലാത്തതിനാൽ തങ്കരാജിന് ഈ സമയത്ത് പുറത്തിറങ്ങി നോക്കാൻ കഴിഞ്ഞിരുന്നില്ല.
തങ്കരാജിന്റെ വീടിന്റെ ജനലും പുലി തകർത്തിട്ടുണ്ട്. വിവരമറിഞ്ഞ് എത്തിയ പുതൂർ ആർ ആർ ടി പടക്കം പൊട്ടിച്ചാണ് ഈ മേഖലയിൽ നിന്നും പുലിയെ ഓടിച്ചത്. ഏതാനും നാളുകളായി ഈ പ്രദേശത്ത് പുലിയുടെ ശല്യം ഉള്ളതായി നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.








