കോഴിക്കോട്: പിണറായി സർക്കാരിനെതിരെയും ആരോഗ്യ വകുപ്പിന് എതിരെയും നൽകിയ കോടതിയലക്ഷ്യ ഹർജി പിൻവലിക്കില്ലെന്ന് വ്യക്തമാക്കി കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ പി ബി അനിത. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐ സി യു വിൽ പീഡിപ്പിക്കപ്പെട്ട അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ പേരിലാണ് സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും അനിതയ്‌ക്കെതിരെ നടപടിയെടുത്തത്. ഇതിനെതിരെ അനിത കോടതിയിൽ പോയി അനുകൂലമായ വിധി സമ്പാദിച്ചുവെങ്കിലും അവരെ തിരിച്ചെടുക്കാൻ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും തയ്യാറായിരുന്നില്ല.
ഇതിനെ തുടർന്ന് അനിത സംസ്ഥാന സർക്കാരിനും ആരോഗ്യവകുപ്പിനും എതിരെ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ഐ സി യുവിൽ പീഡനത്തിനിരയായ അതിജീവിതയടക്കം അനിതയ്ക്ക് പിന്തുണയുമായി വന്നെങ്കിലും, സർക്കാർ മുഖം തിരിച്ചു നിൽക്കുകയായിരുന്നു. പിന്നീട് കോടതിയലക്ഷ്യ നടപടി നേരിടും എന്ന് ഉറപ്പായപ്പോഴാണ് അനിതയെ തിരിച്ചെടുത്ത് മുഖം രക്ഷിക്കാൻ സർക്കാർ തീരുമാനമെടുത്തത്. എന്നാൽ സർക്കാർ നൽകിയ റിവ്യൂ ഹർജി നിലനിൽക്കുന്നുണ്ടെന്നും അതിനാൽ തന്നെ കോടതിയലക്ഷ്യ ഹർജി പിൻവലിക്കില്ലെന്നും അനിത വ്യക്തമാക്കുകയായിരുന്നു.
Discussion about this post