തിരുവനന്തപുരം; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പാലക്കാട്, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ സാദ്ധ്യതയുണ്ട്. തുടർച്ചയായ 2 ദിവസം 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടു രേഖപ്പെടുത്തുകയും ശരാശരി താപനിലയെക്കാൾ 4-5 ഡിഗ്രി സെൽഷ്യസ് ഉയരുകയും ചെയ്താലാണ് ഉഷ്ണതരംഗമായി പ്രഖ്യാപിക്കുക. പാലക്കാട് ഇന്നലെ തുടർച്ചയായ നാലാം ദിവസവും 40 ഡിഗ്രിക്കു മുകളിലായിരുന്നു (40.6). പുനലൂർ (39.2), കോട്ടയം (38.2), കോഴിക്കോട് (37.6) എന്നിവിടങ്ങളിലും ഇന്നലെ കൂടുതൽ ചൂടു രേഖപ്പെടുത്തി.എട്ടുവർഷത്തിനുശേഷം വീണ്ടും അനുഭവപ്പെട്ട എൽനിനോ പ്രതിഭാസത്താലാണ് കേരളം വെന്തുരുകുന്നത്.വ്യാഴാഴ്ച വരെ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.












