ന്യൂഡൽഹി: ബിജെപിയുടെ മഥുര എംപിയായ ഹേമമാലിനിക്കെതിരെ നടത്തിയ പരാമർശത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. അമാന്യവും അശ്ലീലവും അപരിഷ്കൃതവും” എന്നാണ് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ഹേമമാലിനിക്കെതിരെ നടത്തിയ പരാമർശത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശേഷിപ്പിച്ചത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തുന്നതിൽ കോൺഗ്രസ് നേതാക്കൾ സ്ഥിരം കുറ്റവാളികളാണെന്നും കമ്മീഷൻ തുറന്നടിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം മറുപടി നൽകണമെന്ന് തിരഞ്ഞെടുപ്പ് സമിതി സുർജേവാലയോട് ആവശ്യപ്പെട്ടു. സ്ത്രീകളെക്കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രഭാഷണങ്ങൾ അവരുടെ അന്തസ്സിനെ മാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. വെള്ളിയാഴ്ച അവസാനത്തോടെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സഹിതം പ്രതികരിക്കാൻ ഇസി ഖാർഗെയോട് ആവശ്യപ്പെട്ടു.
ബി.ജെ.പി സ്ഥാനാർത്ഥിയായ നടി കങ്കണ റണാവത്തിനെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ മറ്റൊരു കോൺഗ്രസ് നേതാവായ സുപ്രിയ ശ്രീനാതയെ ഏപ്രിൽ ഒന്നിന് ഇലക്ഷൻ കമ്മീഷൻ വിമർശിച്ചിരുന്നു ഖാർഗെയ്ക്ക് അയച്ച കത്തിൽ ഇസി പറഞ്ഞു. ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് പാർട്ടി ഭാരവാഹികൾക്ക് നിർദേശം നൽകണമെന്ന് ഇസി ഖാർഗെയോട് ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷവും ഇത്തരം നടപടികൾ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നു, തിരഞ്ഞെടുപ്പ് കമ്മീഷൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
Discussion about this post