ന്യൂഡൽഹി : കസ്റ്റംസ് തീരുവയിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. 17 കാൻസർ മരുന്നുകൾക്കും ഏഴ് അപൂർവ രോഗ മരുന്നുകൾക്കും നികുതി ഒഴിവാക്കും. നികുതി ഒഴിവാക്കുന്നതിലൂടെ ഈ മരുന്നുകൾക്ക് വില കുറയുന്നതാണ്. ഇത് കാൻസർ ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപൂർവ രോഗങ്ങളുടെ ചികിത്സക്കുള്ള ഇറക്കുമതി ചെയ്ത മരുന്നുകളെയും ഏഴ് അപൂർവ രോഗങ്ങൾക്കുള്ള പ്രത്യേക മെഡിക്കൽ ഭക്ഷണത്തെയും തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മൊബൈൽ ഫോണുകളുടെയും ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററികളുടെയും തീരുവ കുറക്കുമെന്നും കേന്ദ്രബജറ്റിൽ പ്രഖ്യാപനം ഉണ്ട്. കൂടാതെ മൈക്രോവേവ് ഓവനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചില ഘടകങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ചുത് മൈക്രോവേവ് ഓവനുകളുടെ വില കുറയുന്നതിന് കാരണമാകും. തുകൽ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, പാദരക്ഷകളുടെയും തുകൽ വസ്തുക്കളുടെയും നിർമ്മാണത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ തീരുവ രഹിത ഇറക്കുമതിയും സർക്കാർ അനുവദിച്ചിട്ടുണ്ട്. കസ്റ്റംസ് തീരുവയിലെ ഈ മാറ്റങ്ങൾ ഇന്ന് രാത്രി അർദ്ധരാത്രി മുതൽ, അതായത് ഫെബ്രുവരി 1 ന് പ്രാബല്യത്തിൽ വന്നേക്കാം. അതിനാൽ പുതിയ വിലകൾ നാളെ മുതൽ വിപണിയിൽ ദൃശ്യമാകും.








