പ്രണയിനി ജീവിതം അവസാനിപ്പിച്ചതിന് പിന്നാലെ സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ അഖിൽ (27) ആണ് കോവളം വെള്ളാർ ഒലിപ്പുവിളയിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്. രണ്ടര വർഷം മുമ്പ് മാത്രം പോലീസ് സേനയിൽ പ്രവേശിച്ച അഖിലിന്റെ മരണം സഹപ്രവർത്തകരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. പ്രണയിനിയുടെ മൃതദേഹം കണ്ട് മടങ്ങിയതിന് പിന്നാലെയായിരുന്നു അഖിലിന്റെ ഈ കടുത്ത തീരുമാനം.
വയനാട് സ്വദേശിനിയായ യുവതിയുമായി അഖിൽ ദീർഘനാളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഈ യുവതിയെ കഴിഞ്ഞ ദിവസം ഒരു വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. മരണവിവരമറിഞ്ഞ അഖിൽ ഉടൻ തന്നെ ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കാണുകയും തുടർന്ന് വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. വീട്ടിലെത്തിയ ശേഷം ക്യാമ്പിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങിയ അഖിൽ, ഒരു മണിക്കൂറിനുള്ളിൽ തിരികെയെത്തുകയായിരുന്നു. മകൻ എന്തിനാണ് ഇത്ര വേഗം മടങ്ങിവന്നതെന്ന് മാതാവ് തിരക്കിയെങ്കിലും അഖിൽ വ്യക്തമായ മറുപടി നൽകിയിരുന്നില്ല.
വെള്ളിയാഴ്ച പുലർച്ചെ രണ്ടേകാലോടെ തന്റെ അടുത്ത സുഹൃത്തിന് അഖിൽ അയച്ച വാട്സാപ്പ് സന്ദേശമാണ് ആത്മഹത്യ മുൻകൂട്ടി തീരുമാനിച്ചിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നത്. അടുത്തിടെ വാങ്ങിയ കാറിന്റെ വിവരങ്ങളും പോസ്റ്റ് ഓഫീസിലെ തന്റെ നിക്ഷേപത്തിന്റെ കണക്കുകളും സന്ദേശത്തിൽ വിശദമായി രേഖപ്പെടുത്തിയിരുന്നു. ഈ സന്ദേശത്തിന് പിന്നാലെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ അഖിലിനെ കണ്ടെത്തിയത്. യുവതിയുടെ മരണത്തിലുണ്ടായ കടുത്ത മാനസിക വിഷമമാകാം അഖിലിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഖിലിന്റെയും യുവതിയുടെയും ഫോൺ രേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്.











