ഡെറാഡൂൺ: രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. വോട്ടവകാശത്തിന്റെ പ്രധാന്യം മനസിലാക്കി വോട്ട് രേഖപ്പെടുത്താനായി പൗരന്മാരെ ബോധവത്കരിക്കുന്ന പരിപാടികളും മുറപോലെ നടക്കുന്നുണ്ട്. ഇതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിക്കുന്നവർക്ക് വൻ ഓഫറുമായി ഉത്തരാഖണ്ഡ് ഹോട്ടൽ റെസ്റ്ററന്റ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയാൽ ഹോട്ടൽ ബില്ലിൽ 20 ശതമാനം ഇളവ് നൽകാനാണ് ഉത്തരാഖണ്ഡ് ഹോട്ടൽ റെസ്റ്ററന്റ് അസോസിയേഷന്റെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചാണ് അസോസിയേഷൻ ഇളവ് നൽകുന്നത്. പോളിങ് നടക്കുന്ന ഏപ്രിൽ 19ന് വൈകുന്നേരം മുതൽ ആരംഭിക്കുന്ന ഓഫർ പിറ്റേ ദിവസം വരെ നീളും.
സംസ്ഥാനത്ത് ഇക്കുറി വോട്ട് ശതമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഹോട്ടൽ റെസ്റ്ററന്റ് അസോസിയേഷൻ ഓഫർ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ അസോസിയേഷനും തിരഞ്ഞെടുപ്പ് കമ്മീഷനും ഒപ്പുവെച്ചു.
വോട്ട് ശതമാനം കൂട്ടാനും സമ്മതിദാനം വിനിയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കാനുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിങ് ഉദ്യോഗസ്ഥർ വിരലിൽ അടയാളപ്പെടുത്തുന്ന മഷി കാട്ടിയാൽ ഇളവ് ലഭ്യമാകുമെന്നും ഹോട്ടൽ അസോസിയേഷൻ വ്യക്തമാക്കുന്നു.










