കണ്ണൂർ : പാനൂരിലെ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്ട്രീയ സംഘർഷത്തിന് സാധ്യത എന്ന് പോലീസ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാമ്യം നൽകരുതെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഡിവൈഎഫ്‌ഐ പ്രവർത്തകരായ സായൂജ്,അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് വിവരം ഉള്ളത്. ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ കൂടി ലക്ഷ്യമിട്ടെന്ന വിവരം കൂടി റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. സ്‌ഫോടനമുണ്ടായശേഷം സ്ഥലത്തുണ്ടായിരുന്ന ബോംബുകൾ ഒളിപ്പിച്ചു എന്നും ഇതിൽ വ്യക്തമാക്കുന്നു. ജനങ്ങളുടെ സൈ്വര്യ ജീവിതം തകർക്കുവാനും വേണ്ടിയുള്ളതാണ് ഇപ്പോൾ നടന്നിരുന്ന ബോംബ് നിർമ്മാണം എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ബോംബ് നിർമാണം മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നു. സന്നദ്ധ പ്രവർത്തനത്തിന് പോയതെന്ന് എംവി ഗോവിന്ദൻ പറഞ്ഞ അമൽ ബാബുവാണ് ബോംബുകൾ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചത്. ബോംബ് നിർമാണത്തിന് തിരഞ്ഞെടുപ്പുമായോ കക്ഷി രാഷ്ട്രീയവുമായോ ബന്ധമില്ലെന്ന സിപിഎം വാദമാണ് ഇതോടു കൂടി പൊളിഞ്ഞിരിക്കുന്നത് .
Discussion about this post