ഗുവാഹട്ടി: അസം റൈഫിൾസിന്റെ വാഹനത്തിന് നേരെ ഭീകരാക്രമണം. സംഭവത്തിൽ ജവാന് പരിക്കേറ്റു. അസം- അരുണാചൽ പ്രദേശ് അതിർത്തിയായ നംദാംഗ് വനമേഖലയ്ക്ക് സമീപം ആയിരുന്നു ആക്രമണം. പരിക്കേറ്റ സേനാംഗത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ എട്ട് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. ചംഗ്ലാംഗിൽ നിന്നും മാർഗെരിറ്റയിലേക്ക് പോകുകയായിരുന്നു സുരക്ഷാ സേനയുടെ സംഘം. ഇതിനിടെ പതിയിരുന്ന് ഭീകരർ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയുമായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതിനിടെയാണ് സേനാംഗത്തിന് പരിക്കേറ്റത്. ഏകദേശം അര മണിക്കൂറോളം സ്ഥലത്ത് ഏറ്റുമുട്ടൽ തുടർന്നു. വിവരം അറിഞ്ഞ് കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ സ്ഥലത്ത് എത്തിയതോടെയാണ് ഏറ്റുമുട്ടൽ അവസാനിച്ചത്.
അധിക സേനയെ കണ്ട ഭീകരർ ഏറ്റുമുട്ടൽ മതിയാക്കി രക്ഷപ്പെട്ടു. പ്രദേശത്ത് ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഉൽഫ (ഐ), എൻഎസ്‌സിഎൻ (കെ) എന്നിവരുടെ സംയുക്ത സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം. എ.കെ 47 തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.








