കൊൽക്കത്ത: രാമനവമി ഘോഷയാത്രയ്ക്കിടെ പശ്ചിമ ബംഗാളിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുർഷിദാബാദ് ജില്ലയിലെ ശക്തിപൂർ മേഖലയിൽ ആയിരുന്നു സംഭവം.
ഇന്നലെയായിരുന്നു രാമനവമി. ആഘോഷത്തിന്റെ ഭാഗമായി ഹിന്ദു വിശ്വാസികൾ ശോഭയാത്ര നടത്തുകയായിരുന്നു. ഇതിനിടെയായിരുന്നു ആക്രമണം. ഒരു സംഘം വീടുകളിലെ ടെറസുകളിൽ നിന്നും ഇവർക്ക് നേരെ കല്ലും പട്ടിക കഷ്ണങ്ങളും എറിയുകയായിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഘോഷയാത്രയ്ക്ക് പോലീസ് അകമ്പടി നൽകിയിരുന്നു. ഇവർ നോക്കി നിൽക്കേയായിരുന്നു ആക്രമണം.
കല്ലേറിന് പിന്നാലെ ഹിന്ദു വിശ്വാസികളെ അക്രമികൾ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ പോലീസ് ലാത്തി വീശിയും കണ്ണീർ വാതകം പ്രയോഗിച്ചും ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്നത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ടെറസിന് മുകളിൽ നിന്നും അക്രമികൾ കല്ലെറിയുന്നത് വ്യക്തമായി കാണാം. അന്വേഷണത്തിന്റെ ഭാഗമായി ഈ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി രംഗത്ത് എത്തി. നേരത്തെ തന്നെ അനുമതി വാങ്ങിയാണ് ഹിന്ദു വിശ്വാസികൾ രാമനവമിയുടെ ഭാഗമായുള്ള വിശ്വാസികൾ ഘോഷയാത്ര സംഘടിപ്പിച്ചത്. എന്നാൽ ആക്രമണം ഉണ്ടായിരിക്കുന്നു. ഇത് പോലീസിന്റെ അനാസ്ഥമൂലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post