ബംഗളൂരു: കർണാടകയിൽ ജയ് ശ്രീരാം വിളിച്ചതിന്റെ പേരിൽ യുവാക്കൾക്ക് നേരെ ആക്രമണം. ബംഗളൂരുവിലെ ചിക്കബെട്ടഹള്ളിയിൽ ആയിരുന്നു സംഭവം. യുവാക്കളെ കൊണ്ട് നിർബന്ധിപ്പിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ചതായും പരാതിയുണ്ട്.
ഇന്നലെയായിരുന്നു സംഭവം. രാമനവമിയുടെ ഭാഗമായുള്ള ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു യുവാക്കൾ. ഇവരുടെ വാഹനത്തിന് മുകളിലായി കാവി പതാകയും ഉണ്ടായിരുന്നു. വാഹനത്തിൽ പോകുന്നതിനിടെ ഇവർ രാമന്ത്രം ചൊല്ലുകയും ജയ് ശ്രീരാം വിളിക്കുകയും ചെയ്തിരുന്നു. ഇത് കണ്ട് ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ സംഘം ഇവരെ തടഞ്ഞ് നിർത്തുകയായിരുന്നു.
രണ്ടംഗ സംഘമാണ് ഇവരെ റോഡിൽ തടഞ്ഞ് നിർത്തിയത്. തുടർന്ന് ജയ് ശ്രീരാം വിളിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അള്ളാഹു അക്ബർ മുഴക്കാനും നിർബന്ധിച്ചു. യുവാക്കൾ ഇത് ചോദ്യം ചെയ്തു. ഇതോടെ ബൈക്കിൽ എത്തിയ സംഘം ഇവരെ കാറിൽ നിന്നും പുറത്തേക്ക് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. അക്രമി സംഘം മരത്തടി കൊണ്ട് യുവാക്കളിൽ ഒരാളുടെ തലയ്ക്ക് അടിച്ചു. മൂക്കും ഇടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. സംഭവം കണ്ട് നാട്ടുകാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ ആക്കിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.









