വാഷിംഗ്ടൺ: തന്റെ അമ്മാവനെ രണ്ടാം ലോകമഹായുദ്ധക്കാലത്ത് നരഭോജികൾ ഭക്ഷിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ലോകമഹായുദ്ധത്തിന് ഇടയിൽ വിമാനം തകർന്നു വീണ് കൊല്ലപ്പെട്ട അമ്മാവന്റെ മൃതദേഹം നരഭോജികൾ ഭക്ഷിച്ചതായാണ് വെളിപ്പെടുത്തൽ. ഗിനിയയിൽ നിരവധി നരഭോജികൾ ഉള്ളയിടത്താണ് വിമാനം തകർന്നുവീണത് എന്ന് ജോ ബൈഡൻ പറയുന്നു. തന്റെ ജന്മനാടായ പെൻസിൽവാനിയയിലെ യുദ്ധ സ്മാരകം സന്ദർശിച്ച് സംസാരിക്കുമ്പോഴായിരുന്നു ബൈഡന്റെ വാക്കുകൾ.
വിമാനം തകർന്നുവീണ് കൊല്ലപ്പെട്ട അമേരിക്കൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ആംബ്രോസ് ഫിന്നെഗനിന്റെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. ‘സിംഗിൾ എഞ്ചിൻ വിമാനങ്ങളാണ് അദ്ദേഹം പറത്തിയിരുന്നത്. ന്യൂ ഗിനിയയിൽ ശത്രുക്കളെ നിരീക്ഷിച്ച് പറക്കുകയായിരുന്നു അദ്ദേഹം. യഥാർഥത്തിൽ അതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് വരാൻ സാധിക്കാതെ വന്നതോടെ അദ്ദേഹം ആ ഉത്തരവാദിത്വം ഏറ്റെടുത്തു. എന്നാൽ അദ്ദേഹത്തിന്റെ വിമാനം തകർന്നു വീഴുകയായിരുന്നു’, ജോ ബൈഡൻ പറഞ്ഞു.
ന്യു ഗിനിയയുടെ പടിഞ്ഞാറൻ തീരത്ത് വെച്ച് വിമാനം തകർന്നുവീഴുകയായിരുന്നു എന്നാണ് പെന്റഗൺ ഡിഫൻസ് വിഭാഗത്തിന്റെ രേഖകളിൽ പറയുന്നത്. 1944 മെയ് 14നായിരുന്നു സംഭവം. വിമാനം തകർന്നുവീഴാനുണ്ടായ കാരണവും ഇന്നും കണ്ടെത്താനായിട്ടില്ല. വിമാനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരു ക്രൂ അംഗം രക്ഷപെട്ടു. തൊട്ടടുത്ത ദിവസം വ്യോമമാർഗം തിരച്ചിലിന് എത്തിയപ്പോൾ വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്താനായില്ല.












