ന്യൂഡൽഹി : ഡൽഹി വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അമാനത്തുള്ള ഖാനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ഡൽഹി വഖഫ് ബോർഡ് നിയമന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എഎപി എംഎൽഎയെ അറസ്റ്റ് ചെയ്തത്. രാവിലെ 11 മണിയോടെയാണ് അമാനത്തുള്ള ഖാൻ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്തിച്ചേർന്നിരുന്നത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായത്.
ഓഖ്ലയിൽ നിന്നുമുള്ള എംഎൽഎയാണ് അമാനത്തുള്ള ഖാൻ. ഡൽഹി വഖഫ് ബോർഡിൽ 32 പേരെ അനധികൃതമായി നിയമിച്ചു, അഴിമതിയിലൂടെ കള്ളപ്പണം വെളുപ്പിച്ചു എന്നീ കേസുകളാണ് അമാനത്തുള്ളയ്ക്കെതിരെ ഉള്ളത്. ഈ കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹം സുപ്രീംകോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇഡി അന്വേഷണം കൂടാതെ ഈ കള്ളപ്പണക്കേസിൽ സിബിഐയും ഡൽഹി പോലീസും അമാനത്തുള്ളയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post