ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത നാവിക സേനാ മേധാവിയായി വൈസ് അഡ്മിറൽ ദിനേശ് കെ ത്രിപാഠി ഈ വരുന്ന ഏപ്രിൽ 30 ന് നിയമിതനാകും. രണ്ട് വർഷവും അഞ്ച് മാസവും നീണ്ടു നിന്ന സേവനത്തിനു ശേഷം അഡ്മിറൽ ഹരികുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ദിനേശ് ത്രിപാഠി നിയമിതനാകുന്നത്. വ്യാഴാഴ്ച രാത്രിയോട് കൂടി കേന്ദ്ര സർക്കാർ അറിയിച്ചതാണ് ഈ കാര്യം.
നിലവിൽ വൈസ് ചീഫായി സേവനമനുഷ്ഠിക്കുന്ന ത്രിപാഠി, കുമാർ വിരമിക്കുന്ന ദിവസം മുതൽ നാവികസേനയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും. അതിനാൽ, അദ്ദേഹത്തെ പിൻഗാമിയായി നിയമിച്ചതിലൂടെ, സേനകളുടെ സീനിയോറിറ്റി തത്വമാണ് സർക്കാർ പിന്തുടരുന്നത്.
2024 ജനുവരിയിൽ നാവികസേനയുടെ വൈസ് ചീഫായി നിയമിക്കപ്പെടുന്നതിന് മുമ്പ് ത്രിപാഠി വെസ്റ്റേൺ നേവൽ കമാൻഡ് മേധാവിയായിരുന്നു. നേരത്തെ നാവികസേനയുടെ ചീഫ് ഓഫ് പേഴ്സണൽ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റായ അദ്ദേഹം മുൻനിര യുദ്ധക്കപ്പലുകളിൽ സിഗ്നൽ കമ്മ്യൂണിക്കേഷൻ ഓഫീസറായും ഇലക്ട്രോണിക് വാർഫെയർ ഓഫീസറായും സേവനമനുഷ്ഠിച്ചു, പിന്നീട് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് മുംബൈയുടെ എക്സിക്യൂട്ടീവ് ഓഫീസറായും പ്രിൻസിപ്പൽ വാർഫെയർ ഓഫീസറായും സേവനമനുഷ്ഠിച്ചു.
ഇൻഡോ പസിഫിക് മേഖലയിലെ സ്വാധീനം വർദ്ധിപ്പിക്കുവാൻ ചൈന തങ്ങളുടെ ശ്രമങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് അദ്ദേഹം നാവിക സേനയുടെ തലവനായി സ്ഥാനം ഏറ്റെടുക്കുന്നത്.








