ന്യൂഡൽഹി : കോൺഗ്രസിന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻഡിഎ സർക്കാരിന് ഭരണഘടന മാറ്റണമായിരുന്നെങ്കിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ തന്നെ അത് ചെയ്യുമായിരുന്നു എന്ന് അമിത് ഷാ വ്യക്തമാക്കി. കോൺഗ്രസിനെ പോലെ ഭൂരിപക്ഷം ദുരുപയോഗം ചെയ്യുന്ന ശീലം ബിജെപിക്ക് ഇല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ ഭരണഘടന മാറ്റും, സംവരണം നിർത്തലാക്കും എന്നെല്ലാം ഉള്ള അപവാദ പ്രചാരണങ്ങൾ മാത്രമാണ് കോൺഗ്രസിന് ജനങ്ങൾക്ക് മുൻപിൽ വയ്ക്കാനുള്ളത്. മോദി സർക്കാർ സംവരണ നയത്തിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല എന്നും മറ്റാരെയും അത് ചെയ്യാൻ അനുവദിക്കില്ല എന്നും അമിത് ഷാ വ്യക്തമാക്കി. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴായായിരുന്നു അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കോൺഗ്രസ് സർക്കാർ തങ്ങളുടെ ഭൂരിപക്ഷം വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചത്. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് സർക്കാർ നടത്തേണ്ട മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ പോലും പിന്നോട്ട് പോയി. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറി. രാജ്യത്തുനിന്നും നക്സലിസത്തെ തുടച്ചുനീക്കാനുള്ള പരമാവധി ശ്രമങ്ങളും ബിജെപി സർക്കാർ നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post