ആലപ്പുഴ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ആലപ്പുഴയിൽ. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണാർത്ഥമാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. അതേസമയം സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
ഇന്നലെ രാത്രി തന്നെ അമിത് ഷാ കേരളത്തിൽ എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം ഇന്ന് രാവിലെ ആലപ്പുഴയിലേക്ക് പുറപ്പെടും. പുന്നപ്ര കാർമൽഗിരി എൻജിനീയറിംഗ് കോളേജ് മൈതാനത്ത് ആണ് അദ്ദേഹത്തിന്റെ പ്രസംഗം സംഘടിപ്പിക്കുന്നത്. രാവിലെ ഇവിടേയ്ക്ക് ഹെലികോപ്റ്ററിൽ ആകും അദ്ദേഹം എത്തുക.
പുന്നപ്രയിലെ പ്രസംഗത്തിന് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അമിത് ഷാ കേരളത്തിൽ എത്തുന്നത്.
അതേസമയം പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ വയനാട്ടിൽ എത്തും. എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ പ്രചാരണാർത്ഥമാണ് അദ്ദേഹം മണ്ഡലത്തിൽ എത്തുന്നത്.
Discussion about this post