മുംബൈ : തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. റാലിയിൽ സംസാരിക്കുന്നതിനിടയിൽ ഗഡ്കരി കുഴഞ്ഞുവീഴുകയായിരുന്നു. ശിവസേനയുടെ ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജശ്രീ പാട്ടീലിനായി പ്രചാരണം നടത്തുമ്പോഴായിരുന്നു ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കുഴഞ്ഞുവീണ ഉടൻ തന്നെ അദ്ദേഹത്തെ വേദിയിൽ ഉണ്ടായിരുന്ന പ്രവർത്തകർ താങ്ങിയെടുത്ത് വൈദ്യ പരിചരണത്തിലേക്ക് മാറ്റുകയും അടിയന്തര ചികിത്സ നൽകുകയും ചെയ്തു. കടുത്ത ചൂട് മൂലമുള്ള താപ തരംഗം കാരണമാണ് ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്നാണ് സൂചന. നിലവിൽ അദ്ദേഹം സുഖമായിരിക്കുന്നതായി ബിജെപി അറിയിച്ചു.
നാഗ്പൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച നിതിൻ ഗഡ്കരിയുടെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിൽ കഴിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം മഹാരാഷ്ട്രയിലെ മറ്റ് എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നത്. മഹാരാഷ്ട്രയിലെ യവത്മാലിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീണത്. അടിയന്തര ചികിത്സ തേടിയതിനുശേഷം ഗഡ്കരി വീണ്ടും തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു.
Discussion about this post