മനില : ദക്ഷിണ ചൈന കടലിന്റെ അവകാശവാദത്തെ തുടർന്ന് നിരവധി നാളുകളായി ചൈനയും ഫിലിപ്പീൻസും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞദിവസം ചൈന ഈ വിഷയത്തിൽ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ദക്ഷിണ ചൈന കടലുമായി ബന്ധപ്പെട്ട തർക്കത്തിൽ ഫിലിപ്പീൻസുമായി ധാരണയിൽ എത്തി എന്നായിരുന്നു ചൈനയുടെ പരാമർശം. ചൈനയുടെ ഈ അവകാശവാദം തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ ഫിലിപ്പീൻസ്.
ചൈനയുമായി യാതൊരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും ചൈന വെറും നുണപ്രചാരണം നടത്തുകയാണെന്നും ഫിലിപ്പീൻസ് വ്യക്തമാക്കി. ദക്ഷിണ ചൈന കടലുമായി ബന്ധപ്പെട്ടോ ജലപാതയിലെ അവകാശവാദങ്ങളിലോ ഒരു വിട്ടുവീഴ്ചയും ഫിലിപ്പീൻസിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നും ഫിലിപ്പീൻസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ധാരണ എന്നുളളത് ചൈനയുടെ വെറും ‘ചൈനീസ് പ്രചാരണം’ മാത്രമാണെന്നും ഫിലിപ്പീൻസ് വ്യക്തമാക്കി.
വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ചൈനയുടെ സ്ഥിരം അസംസ്കൃത ശ്രമങ്ങളുടെ ഭാഗമാണ് ഫിലിപ്പൈൻസുമായി ധാരണയിൽ എത്തി എന്ന പ്രസ്താവന എന്നും ഫിലിപ്പീൻസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. 2002ൽ ഫിലിപ്പീൻസിന്റെ പുതിയ പ്രസിഡന്റ് ആയി ഫെർഡിനൻഡ് മാർക്കോസ് ജൂനിയർ അധികാരമേറ്റത് മുതൽ ചൈനയുമായി യാതൊരു ആഭ്യന്തര കരാറുകളും ഉണ്ടാക്കിയിട്ടില്ല. ദക്ഷിണ ചൈന കടലുമായി ബന്ധപ്പെട്ടുള്ള സമുദ്ര തർക്കത്തിൽ ഇനിയും ചൈനയുമായി യാതൊരു ധാരണകളും ഉണ്ടാക്കുകയില്ല എന്നും ഫിലിപ്പീൻസ് പ്രതിരോധ സെക്രട്ടറി ഗില്‍ബര്‍ട്ടോ തിയോഡോറോ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.








