കണ്ണൂർ : കിണർനിർമ്മാണ ജോലിക്കിടെ സൂര്യാഘാതമേറ്റ് തൊഴിലാളി മരിച്ചു. ഉടുമ്പന്റെവിടെ മാതേമ്പത്ത് യു എം വിശ്വനാഥൻ (53) ആണ് മരിച്ചത്. നെടുമ്പ്രത്ത് വെച്ചായിരുന്നു കിണർ നിർമ്മാണ ജോലിക്കിടയിൽ ഇദ്ദേഹത്തിന് സൂര്യാഘാതമേറ്റിരുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.
നെടുമ്പ്രത്തെ വീട്ടുപറമ്പിൽ കിണർ കുഴിക്കൽ ജോലികൾക്ക് ശേഷം പടവുകൾ കെട്ടുന്നതിനിടയിൽ ആയിരുന്നു വിശ്വനാഥന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻതന്നെ പള്ളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തുടർന്നും ആരോഗ്യസ്ഥിതി മോശമായതോടെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
Discussion about this post