ആലപ്പുഴ : ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ആര് നേട്ടം കൊയ്യുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത് എന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കില്ല. തിരുവനന്തപുരത്ത് കൂടുതൽ വോട്ടുകൾ കോൺഗ്രസിന് ആയിരിക്കും എന്നും വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു.
തുഷാർ വെള്ളാപ്പള്ളിയോട് മത്സരിക്കേണ്ട എന്ന് താൻ നേരത്തെ പറഞ്ഞതാണ്. കോട്ടയത്ത് ആര് ജയിക്കും എന്ന് പറയാൻ കഴിയില്ല. തുഷാർ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാൻ ഒരു സാധ്യതയും ഇല്ല. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ വോട്ട് കൂടുതൽ നേടുമെങ്കിലും അതിന്റെ ഗുണം ലഭിക്കുക ആരിഫിന് ആയിരിക്കും. കഴിഞ്ഞ തവണത്തെ അത്ര സീറ്റുകൾ ഇല്ലെങ്കിലും കോൺഗ്രസിന് ആയിരിക്കും കേരളത്തിൽ കൂടുതൽ സീറ്റുകൾ കിട്ടുക എന്നും വെള്ളാപ്പള്ളി നടേശൻ പ്രവചിച്ചു.
ഇ പി ജയരാജൻ വിഷയത്തിലും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറിനെ കണ്ടതിൽ എന്താണ് തെറ്റ് എന്ന് വെള്ളാപ്പള്ളി ചോദിച്ചു. രാഷ്ട്രീയ നേതാക്കൾക്ക് ആരെയും കാണാം. എന്നാൽ പാർട്ടി ചട്ടക്കൂട് അനുസരിച്ച് ഇ പി ചെയ്തത് തെറ്റാണ്. എൽഡിഎഫ് കൺവീനർ എന്ന നിലയിലും വലിയ നിലപാടെന്നും സ്വീകരിക്കാൻ സാധിച്ചിട്ടില്ലാത്ത വ്യക്തിയാണ് ഇ പി ജയരാജൻ എന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.








