തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ . കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾക്കാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം . മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണിത്. പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് തടയും എന്നാണ് സി ഐ ഡി യു നിലപാട്. മന്ത്രിയുടെ നിർദ്ദേശം പാലിക്കാൻ ഗ്രൗണ്ടുകൾ സജ്ജമാക്കാത്തതിനാൽ ആദ്യഘട്ടത്തിൽ ചെറിയ ഇളവുകൾ കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു.
പുതിയ നിർദ്ദേശങ്ങൾ
റോഡ് ടെസ്റ്റിന് ശേഷമാണ് ഇനി എച്ച് ടെസ്റ്റ് നടത്തുക പ്രതിദിന ടെസ്റ്റുകൾ അറുപതായി കുറച്ചു. പുതുതായി 40 പേർക്കും തോറ്റവർക്കുള്ള റീ ടെസ്റ്റിൽ 20 പേർക്കുമാണ് അവസരം. ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുകിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിംഗ്
ആംഗുലര്‍ പാര്‍ക്കിംഗ് (വശം ചെരിഞ്ഞുള്ള പാര്‍ക്കിംഗ്), പാരലല്‍ പാര്‍ക്കിംഗ്, സിഗ് സാഗ് ഡ്രൈവിംഗ് (എസ് വളവു പോലെ), കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകള്‍. ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ ഇനി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാല്‍ കൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സിലക്ഷന്‍ സംവിധാനമുള്ളതും 95 സിസിക്കു മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ളതുമായ മോട്ടോര്‍ സൈക്കിള്‍ ആയിരിക്കണം.
ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റെ എല്‍എംവി വിഭാഗം വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യുന്നതിനായുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറയും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്‌കൂള്‍ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് എംവിഐ കൊണ്ടുപോകണം. ഡേറ്റ ഓഫിസിലെ കംപ്യൂട്ടറിലേക്കു മാറ്റിയ ശേഷം മെമ്മറി കാര്‍ഡ് തിരികെ നല്‍കണം. ഡേറ്റ 3 മാസത്തേക്കു സൂക്ഷിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല. ലൈറ്റ് മോട്ടര്‍ വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയര്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.












