കൊച്ചി: എക്‌സൈസ് മന്ത്രി കെ.ബാബു രാജി വെച്ചു. ബാര്‍ക്കോഴ കേസില്‍ ബാബുവിനെതിരെ കേസെടുക്കണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് രാജി. സാങ്കേതികത പറഞ്ഞ് അധികാരത്തില്‍ കടിച്ചു തൂങ്ങില്ല. കോടതി വിധിയെ മാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചായിരുന്നു രാജി പ്രഖ്യാപനം. രാജി കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കൈമാറി. രാജി തീരുമാനം സ്വമേധയാ എടുത്തതാണെന്നും സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നിമിഷം വരെ ഞാന്‍ ഒരു കേസിലും പ്രതിയല്ല. ഇതുവരെ എനിയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. എന്നാല്‍ എനിയ്‌ക്കെതിരെ കോടതി പരാമര്‍ശം ഉണ്ടായിരിക്കുകയാണ്. കോടതി വിധിയെ മാനിക്കുന്നു.
ഇതുവരെ ബിജു രമേശ് എന്നാണ് തനിക്ക് പണം നല്‍കിയതെന്നു പറഞ്ഞിട്ടില്ല. ഒരു മദ്യരാജാവിന്റെ ചാനല്‍ അഭിമുഖത്തിന്റെ പകര്‍പ്പ് മാത്രമാണ് കോടതിയുടെ മുന്നിലുള്ളത്. തന്റെ നിരപരാധിത്വം തെളിയിക്കും. സത്യം പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് ശേഷമാണ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
Discussion about this post