കണ്ണൂർ; സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂർ ബോംബ് സ്ഫോടന കേസിലെ റിമാന്‍ഡ് റിപ്പോർട്ടുകളിൽ പോലീസിൻ്റെ ഉരുണ്ടുകളിച്ചിൽ. കേസിലെ ആദ്യ 3 റിമാൻഡ് റിപ്പോർട്ടുകളിൽ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണു പ്രതികൾ ബോംബ് നിർമിച്ചതെന്നു പറയുമ്പോൾ പിന്നീടുള്ള 3 റിമാൻഡ് റിപ്പോർട്ടുകളിലും ഇക്കാര്യം പറയുന്നില്ലെന്നാണ് വിവരം. അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും പ്രാദേശിക ഡി വൈ എഫ് ഐ ബന്ധമുണ്ടെന്ന് കണ്ടെത്തിയ കേസിലെ റിമാൻ്റ് റിപ്പോർട്ടുകളിലാണ് വൈരുദ്ധ്യം.
ബോംബ് സ്ഫോടനക്കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കൂത്തുപറമ്പ് എ.സി.പി. കെ.വി.വേണുഗോപാൽ, പാനൂർ പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
സ്ഫോടനത്തിൽ മരിച്ച എലിക്കൊത്തന്റവിട ഷരിൽ ഉൾപ്പെടെ 15 പ്രതികളാണുള്ളത്. ഷരിലാണ് ഒന്നാംപ്രതി. തലശേരി സബ് ജയിലിൽ റിമാൻഡിലുള്ള പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ.- സി.പി.എം. പ്രവർത്തകരായ അടുപ്പുകൂട്ടിയ പറമ്പത്ത് സബിൻലാൽ (25), കുന്നോത്തുപറമ്പ് കിഴക്കയിൽ കെ.അതുൽ (28), ചെണ്ടയാട് പാടാൻതാഴെ ഉറവുള്ളക്കണ്ടിയിൽ അരുൺ (28), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കണ്ടിമ്മൽ സി.സായുജ് (24), മുളിയാത്തോട് കെ.മിഥുൻലാൽ (27), കുന്നോത്ത് പറമ്പിൽ അമൽ ബാബു (29), ചെറുപ്പറമ്പ് ജാൻസി റോഡ് തങ്കേശപ്പുരയിൽ ഷിജാൽ (28), കരിയാവുള്ളത്തിൽ ചാലിൽ വീട്ടില് അക്ഷയ് (25), പാറാട് പുത്തൂരിൽ കല്ലായിന്റവിടെ അശ്വന്ത് (എൽദോ-26), കിഴക്കെ കതിരൂരിലെ രജിലേഷ് (43), മണിക്കട്ടറയിൽ ജിജോഷ് (38), വടകര മടപ്പള്ളി ബാബു (64), ചിരക്കരണ്ടിമ്മൽ വിനോദൻ (38) എന്നിവരാണ് റിമാൻഡിലുള്ളത്.
Discussion about this post