ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ബിആർഎസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. കേസിൽ കസ്റ്റഡിയിലുള്ള ചൻപ്രീത് സിംഗിന്റെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്. റൗസ് അവന്യു കോടതിയുടേതാണ് വിധി.
കെജ്രിവാളിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ മെയ് 20 വരെയാണ് കസ്റ്റഡി കാലാവധി. കെ കവിതയുടെ പേരിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ മെയ് 14 വരെയും സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മെയ് 20 വരെയുമാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇഡി വിണ്ടും കോടതിയിൽ അപേക്ഷ നൽകിയത്. ഇതേ തുടർന്ന് ഇഡി നൽകിയ അപേക്ഷയിൽ സ്‌പെഷ്യൽ ജഡ്ജ് കാവേരി ബവേജയാണ് കസ്റ്റഡി നീട്ടിയത്. തീഹാർ ജയിലിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കിയത്. കോടതി നിർദേശിച്ചതിനെ തുടർന്ന് കെ കവിതയെ നേരിട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു.
മദ്യനയ കേസിൽ ഇഡിയും സിബിഐയും രജിസ്റ്റർ ചെയ്ത കേസിൽ കെ കവിത നൽകിയ ജാമ്യ ഹർജി റൗസ് അവന്യു കോടതി തള്ളിയിരുന്നു. മാർച്ച് 15നാണ് ഇഡി കേസിൽ കവിതയെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 15നാണ് സിബിഐ കേസിൽ കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാർച്ച് 21നായിരുന്നു കെജ്രിവാളിന്റെ അറസ്റ്റ്.










