ന്യൂഡൽഹി: ദക്ഷിണ ചൈന കടലിലെ ചൈനയുടെ ആധിപത്യത്തിന് മറുമരുന്നുമായി ഇന്ത്യ. ഇന്ത്യയുടെ മൂന്ന് നാവികസേന കപ്പലുകൾ ദക്ഷിണ ചൈന കടലിൽ വിന്യസിച്ചു. ഇന്ത്യൻ നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റ് ആണ് തങ്ങളുടെ മൂന്ന് നാവിക കപ്പലുകൾ ദക്ഷിണ ചൈനാ കടലിൽ വിന്യസിച്ചിട്ടുള്ളത്.
ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് ഡൽഹി, കപ്പൽ ടാങ്കറായ ഐഎൻഎസ് ശക്തി, അന്തർവാഹിനി വിരുദ്ധ വാർഫെയർ സ്റ്റെൽത്ത് കോർവെറ്റായ ഐഎൻഎസ് കിൽത്താൻ എന്നീ നാവികസേന കപ്പലുകളാണ് ഇന്ത്യ ദക്ഷിണ ചൈന കടലിൽ വിന്യസിച്ചിട്ടുള്ളത്. ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് റിയർ അഡ്മിറൽ രാജേഷ് ധങ്കറിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ചയാണ് നാവികസേന കപ്പലുകൾ സിംഗപ്പൂരിലെത്തിയിരുന്നത്.
ചൈനീസ് മിസൈൽ-ഉപഗ്രഹ ട്രാക്കിംഗ് കപ്പലായ യുവാൻ വാങ് 03 ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിച്ച അതേ സമയത്താണ് ഇന്ത്യ തങ്ങളുടെ നാവികസേന കപ്പലുകൾ ദക്ഷിണ ചൈന കടലിൽ വിന്യസിച്ചിട്ടുള്ളത്. ഫിലിപ്പീൻസ് നാവികസേനയുമായി ചൈനീസ് നാവികസേനയുടെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യൻ നാവികസേനയുടെ ഈ രംഗപ്രവേശം എന്നുള്ളതും ശ്രദ്ധേയമാണ്. റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ നേവിയിലെ ഉദ്യോഗസ്ഥരും സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷണറും ചേർന്നാണ് യുദ്ധക്കപ്പലുകൾ സ്വീകരിച്ചതെന്ന് ഇന്ത്യൻ നാവികസേന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Discussion about this post