കൊച്ചി: ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട്. ബംഗ്ലാദേശ്, ശ്രീലങ്ക,മ്യാൻമർ എന്നിവടങ്ങളിൽ നിന്നുള്ള അരലക്ഷത്തിലേറെ അഭയാർത്ഥികൾ വ്യാജ ആധാർകാർഡുമായി കേരളത്തിൽ കഴിയുന്നതായാണ് റിപ്പോർട്ട്.
അസമിലെ മധുപുർ, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുർ, കേരളത്തിലെ പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആധാർ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറി വ്യാജ ആധാർ കാർഡ് നിർമിച്ചതായാണു കണ്ടെത്തൽ. മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിൽ അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) നിരീക്ഷണം ശക്തമാക്കി. കേരളം അടക്കമുള്ള കടൽത്തീര സംസ്ഥാനങ്ങളിൽ കോസ്റ്റ് ഗാർഡും നിരീക്ഷണം വ്യാപിപ്പിച്ചു
അഭയാർഥികൾ വിവിധ സംസ്ഥാനങ്ങളിൽ തങ്ങുന്നതിനും ഇന്ത്യക്കാരായ കുറ്റവാളികൾ യാത്രാരേഖകളുണ്ടാക്കി രാജ്യം വിട്ടുപോവുന്നതിനും വ്യാജ ആധാർ കാർഡുകൾ ദുരുപയോഗിക്കുന്നുണ്ട്.ഫെബ്രുവരിയിൽ മലപ്പുറം തൃപ്രങ്ങോട് അക്ഷയ കേന്ദ്രത്തിലെ ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞുകയറി 50 ആധാർ ഐഡികൾ വ്യാജമായി നിർമിച്ചതായി കേന്ദ്ര ഏജൻസി റിപ്പോർട്ട് ചെയ്തു. ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഇന്റർനെറ്റ് പ്രോട്ടോകോൾ (ഐപി) വിലാസങ്ങളിൽനിന്നാണു നുഴഞ്ഞുകയറ്റം നടത്തിയത്. പെരുമ്പാവൂരിലെ ഭായ് മാർക്കറ്റുകളുടെ ഉള്ളിൽ ബോർഡ് ഇല്ലാതെ പ്രവർത്തിക്കുന്ന വ്യാജ ആധാർ കേന്ദ്രങ്ങളിൽ ഒരേ ചിത്രം ഉപയോഗിച്ചു വിവിധ പേരുകളിലും വിലാസങ്ങളിലും ആധാർ കാർഡുകൾ നിർമിച്ചു നൽകുന്നതായി വിവരമുണ്ട്.
Leave a Comment