ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് മാസങ്ങളിലായി നടക്കുന്ന നയതന്ത്ര പ്രശ്‌നങ്ങൾക്കിടെ മാലിദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ ഇന്ത്യൻ സന്ദർശനത്തിനെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉപയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യാനായാണ് സന്ദർശനമെന്നാണ് റിപ്പോർട്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് കൂടുതൽ ഊർജം പകരാനും പ്രദേശിക വിഷയങ്ങൾ ചർച്ച ചെയ്യാനും ഈ സന്ദർശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും മറ്റ് ഉന്നത ഉദേ്യാഗസ്ഥരുമായും മൂസ സമീർ കൂടിക്കാഴ്ച്ച നടത്തും.
‘ഇന്ത്യയുമായുള്ള ഉപയകക്ഷി ചർച്ചകൾക്കായുള്ള എന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിനായി ഡൽഹിയിലെത്തി. ഗുണപ്രദമായ ചർച്ചകൾക്കും ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം ആസ്വദിക്കുന്നതിനും ഇരു രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഈ സന്ദർശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ഡൽഹിയിലെത്തിയ മൂസ സമീർ എക്‌സിൽ കുറിച്ചു.
ഉപയകക്ഷി ചർച്ചകൾക്കായി മാലിദ്വീപ് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഈ ചർച്ച ഉപകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറയിച്ചിരുന്നു.
മാസങ്ങൾക്ക് മുൻപ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇന്ത്യയിൽ നിന്നും മാലിദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിൽ ഇടിവ് സംഭവിച്ചിരുന്നു. ഏകദേശം 42 ശതമാനത്തോളം കുറവാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായത്. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതായി മാലിദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ സ്ഥിരീകരിച്ചിരുന്നു.
Discussion about this post