പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമോ? പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂപ്രദേശം വീണ്ടും ഭാരതത്തിൽ ചേരുമോ?എന്തായാലും, പാകിസ്ഥാനെ സംബന്ധിച്ച് കാര്യങ്ങൾ ഒട്ടും ശുഭകരമല്ല. പാക് അധീന കശ്മീരിൽ പാക് സർക്കാരിനെതിരെ ജനാരോഷം ആളിക്കത്തുകയാണ്.
പാകിസ്ഥാൻ ഭരണകൂടത്തിന്റെ കൊള്ളരുതായ്മയ്‌ക്കും അവഗണനയ്ക്കുമെതിരെ POKയിൽ
പ്രതിഷേധം ശക്തമാകുകയാണ്. കടുത്ത അടിച്ചമർത്തൽ നേരിടുന്ന അവിടത്തെ ജനങ്ങളിൽ ഏറിയ പങ്കും ഇന്ത്യയിൽ ചേരണമെന്നാണ് ആഗ്രഹിക്കുന്നത്. പാക് അധീന കശ്മീരിലെ തെരുവുകൾ ഇപ്പോൾ ഇന്ത്യാ അനുകൂല പ്രകടനങ്ങൾ കൊണ്ട് നിറയുകയാണെന്നാണ് റിപ്പോർട്ട്. പാകിസ്താന്റെ ദുർഭരണത്തിൽ നിന്നും മോചനം വേണമെന്നാണ് പാക് അധീന കശ്മീരിലെ ഓരോരുത്തരും ഉറക്കെ വിളിച്ചു പറയുന്നത്.
ഓരോ ദിവസവും വർധിച്ച് വരുന്ന പ്രതിഷേധക്കാരെ സൈന്യത്തെ വിന്യസിച്ചാണ് സർക്കാർ അടിച്ചമർത്തുന്നത്. വിലക്കയറ്റത്തിനിടെ സർക്കാർ ചുമത്തിയ കൊള്ള നികുതിയാണ് ജനങ്ങളെ തെരുവിൽ ഇറങ്ങാൻ പ്രേരിപ്പിച്ചത്. പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തി പ്രക്ഷോഭം ഇല്ലാതാക്കാനുള്ള പോലീസ് നീക്കത്തിനെതിരെ വിമർശനം ശക്തമാകുകയാണ്.
കഴിഞ്ഞ ഏതാനും നാളുകളായി പാക് അധീന കശ്മീരിൽ അരങ്ങേറുന്ന പ്രതിഷേധ പരമ്പരകളുടെ ബാക്കിയെന്നോണം ജമ്മു കശ്മീർ ജോയിന്റ് ആവാമി ആക്ഷൻ കമ്മിറ്റിയുടെ നിരവധി നേതാക്കളെ ഭരണകൂടം കസ്റ്റഡിയിൽ എടുത്തിരുന്നു. ഒറ്റ രാത്രി കൊണ്ട് റെയ്ഡ് നടത്തിയായിരുന്നു അടിച്ചമർത്തൽ.
പാക് അധീന കശ്മീരിലെ സമാനി, സെഹൻസ, മിർപൂർ, റാവൽകോട്ട്, ഖുയിരാത്ത എന്നീ മേഖലകളിലാണ് പ്രതിഷേധങ്ങൾ തുടരുന്നത്. പ്രതിഷേധങ്ങളിലുടനീളം ഉയരുന്നത് ഇന്ത്യാ അനുകൂല പോസ്റ്ററുകളും ബാനറുകളുമാണ്.
ജമ്മു കശ്മീരിൽ നരേന്ദ്ര മോദി സർക്കാർ കൊണ്ടു വന്ന സ്ഥിരതയും മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള വികസനവുമാണ് പാക് അധീന കശ്മീരിലെ ജനങ്ങളെ സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിൽ മേഖലയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ, കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് പാക് ഭരണകൂടം.
Discussion about this post