ന്യൂഡൽഹി : പൊതു സേവനത്തോടുള്ള പ്രതിബദ്ധതയാണ് ഓരോ രാഷ്ട്രീയക്കാരനും ഉണ്ടായിരിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് തവണ ഗുജറാത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും പത്ത് വർഷത്തോളം രാജ്യത്തിന്റെ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് താൻ. നൂറ് വയസ്സ് പ്രായമുണ്ടായിരുന്ന എന്റെ അമ്മ അവസാനകാലത്തും ചികിത്സ തേടിയിരുന്നത് സർക്കാർ ആശുപത്രിയിൽ ആയിരുന്നു. ആഡംബര രഹിതമായ ജീവിതശൈലിയുടെ തെളിവ് തന്റെ സ്വന്തം ജീവിതം കൊണ്ടാണ് കാണിക്കുന്നത് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
” മോദി ആണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ബ്രാൻഡ് എന്നാണ് ചിലർ പറയുന്നത്. എന്നാൽ രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് ഒരു ബ്രാൻഡ് ഉണ്ടാക്കേണ്ട ആവശ്യമില്ല എന്നാണ് ഞാൻ കരുതുന്നത്. എന്റെ ജീവിതം അൽപം വ്യത്യസ്തമാണെന്ന് രാജ്യത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. മോദി ദുരുദ്ദേശത്തോടെ ഒന്നും ചെയ്യില്ല എന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് ഞാൻ നൽകിയിട്ടുള്ള വാക്കാണ്. ഭാരതത്തിലെ ജനങ്ങളോട് ഞാൻ കാണിക്കുന്ന പ്രതിബദ്ധതയ്ക്ക് മാത്രമാണ് ബ്രാൻഡ് വാല്യൂ ഉള്ളത്” എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ശക്തിയോ സാന്നിധ്യമോ ഇല്ലെന്ന മിഥ്യാധാരണ സൃഷ്ടിക്കുകയാണ് എതിരാളികൾ ചെയ്യുന്നതെന്നും മോദി അഭിപ്രായപ്പെട്ടു. 2019 ലെ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കക്ഷി ബിജെപിയായിരുന്നു. ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്നത് ബിജെപി തന്നെയായിരിക്കും എന്നും മോദി വ്യക്തമാക്കി.
Discussion about this post