നാല് പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ മഹാരാഷ്ട്രയിലെ
ഗഡ്ച്ചിറോളി ജില്ലയിൽ നിന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ തൂത്തെറിഞ്ഞിരിക്കുകയാണ് നമ്മുടെ സുരക്ഷാ സേന. മേഖലയിലെ പെർമിലി ദലം എന്ന കുപ്രസിദ്ധ കമ്യൂണിസ്റ്റ് ഭീകര സംഘത്തെ പൂർണമായും ഇല്ലായ്മ ചെയ്യുന്നതിൽ വിജയിച്ചിരിക്കുകയാണ് സുരക്ഷാ സേന.
കൃത്യമായി പറഞ്ഞാൽ, 39 വർഷങ്ങളുടെ ശ്രമഫലമായാണ് നമ്മുടെ സുരക്ഷാ സേന പ്രദേശത്ത് നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കിയത്. ഈ കാലയളവിനുള്ളിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനുകളാണ് പൊലിഞ്ഞത്.
എന്താണ് പെർമിലി ദലം? ആരാണ് ഗഡ്ച്ചിറോളിയെ 39 വർഷക്കാലം ഭീതിയിൽ നിർത്തിയ ഈ കമ്യൂണിസ്റ്റ് ഭീകരവാദികൾ.?
1985 കാലത്താണ് ഒരു കൂട്ടം വിദ്യാ സമ്പന്നരായ തെലുങ്ക് യുവാക്കൾ ചേർന്ന് പെർമിലി ദലം സ്ഥാപിച്ചത്. അധികം വൈകാതെ തന്നെ ഗഡ്ച്ചിറോളിയിൽ പെർമിലി ദലം സജീവമായി. കാലക്രമേണ ഗഡ്ച്ചിറോളി ജില്ല കമ്യൂണിസ്റ്റ് ഭീകരതയുടെ പ്രഭവ കേന്ദ്രമാക്കി മാറ്റുകയായിരുന്നു ഇവർ. ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥരെയായിരുന്നു കമ്മ്യൂണിസ്റ്റ് ഭീകരർ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയിരുന്നത്. പിന്നീടങ്ങോട്ട് ഗഡ്ച്ചിറോളിയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ ഭീകര സംഘടനയുടെ നിയന്ത്രണത്തിലായി.
കമ്യൂണിസ്റ്റ് ഭീകരതയുടെ പ്രത്യയശാസ്ത്രം മൂന്നോട്ട് കൊണ്ടുപോകുന്നതിനായി ഗോത്രവർഗക്കാരെ പ്രദേശിക പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കെതിരെ തിരിച്ചുവിടാൻ തുടങ്ങി. കേഡർ വികസിച്ചതോടെ ഭീകര പ്രവർത്തനങ്ങൾക്കായി പെർമിലി ദലം സ്ത്രീകളെയും സംഘത്തിൽ നിയമിക്കാൻ ആരംഭിച്ചു. ഇവർ പ്രദേശത്ത് ഒരു സമാന്തര സർക്കാർ നടത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഗഡ്ച്ചിറോളിയിൽ പരിശീലന ക്യാമ്പുകൾ സ്ഥാപിച്ചാണ് അവിടെയുള്ള വനവാസി യുവാക്കളെ തോക്കുകൾ ഉപയോഗിക്കാൻ കമ്മ്യൂണിസ്റ്റ് ഭീകരർ പഠിപ്പിച്ചത്. ഈ യുവാക്കളുടെ ഉള്ളിൽ സർക്കാരിനെതിരെയുള്ള വികാരം കുത്തി നിറയ്ക്കാനും ഇവർ ശ്രമിച്ചിരുന്നതായി സുരക്ഷാ സേന വ്യക്തമാക്കുന്നു.
മെയ് 13ന് പെർമിലി ദലം സംഘത്തിലെ ചിലരുടെ പ്രവർത്തനങ്ങെള കുറിച്ച് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചു. ഇതേ തുടർന്നാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സി- 60 സ്‌ക്വാഡ് സ്ഥലത്തേക്ക് കുതിച്ചത്. 22 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന കമാൻഡർ വാസുവും മറ്റ് രണ്ട് സ്ത്രീകളും വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. നിരവധി ആയുധങ്ങളും ലഖുലേഖകളും കണ്ടെത്തി.
കമ്യൂണിസ്റ്റ് ഭീകരവാദത്തെ രാജ്യത്തിന്റെ മണ്ണിൽ തുടച്ചു നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രസ്താവിച്ചിരുന്നു. എന്തായാലും, അതിനുള്ള പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ നീങ്ങുന്നതിന്റെ ഉദാഹരണമായി വേണം ഗഡ്ച്ചിറോളിയിലെ സംഭവത്തെ കാണാൻ.
Discussion about this post