ലഖ്‌നൗ : സമാജ് വാദി പാർട്ടി വിട്ടശേഷം പുതിയ പാർട്ടി രൂപീകരിച്ച സ്വാമി പ്രസാദ് മൗര്യയുടെ ഓഫീസിന് നേരെ വെടിവെപ്പ്. ഉത്തർപ്രദേശിലെ കുശി നഗർ മണ്ഡലത്തിലാണ് സംഭവം നടന്നത്. സമാജ് വാദി പാർട്ടി എംപി ആയിരുന്ന സ്വാമി പ്രസാദ് മൗര്യ ഈ വർഷമാണ് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സമാജ് വാദി പാർട്ടി വിട്ട് സ്വന്തമായി പുതിയ പാർട്ടി രൂപീകരിച്ചിരുന്നത്.
സ്വാമി പ്രസാദ് മൗര്യയുടെ പുതിയ പാർട്ടി ആയ രാഷ്ട്രീയ ശോഷിത് സമാജ് പാർട്ടിയുടെ ഓഫീസിനു നേരെയാണ് വെടിവെപ്പ് ഉണ്ടായത്. നിലവിൽ സ്വാമി പ്രസാദ് മൗര്യ കുശി നഗറിലെ ലോക്സഭാ സ്ഥാനാർത്ഥി കൂടിയാണ് . സമാജ് വാദി പാർട്ടി വിട്ടതിലുള്ള പ്രതികാരമായാണ് വെടിവെപ്പ് നടന്നത് എന്നാണ് സൂചന.
വെടിവെപ്പിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. ഇരു പാർട്ടിയുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രാഷ്ട്രീയ ശോഷിത് സമാജ് പാർട്ടിയുടെ ഓഫീസ് ഇൻ ചാർജ് ഗുലാബ് മൗര്യ കാസ്യ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ പ്രവർത്തകരും സ്ഥലത്തെത്തി പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും സംഘർഷം ഉണ്ടാവുകയും ചെയ്തു.
Discussion about this post