സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. ‘ഇന്നത്തെ ഇന്ത്യയിൽ കുടുംബ പശ്ചാത്തലത്തിന് പ്രസക്തിയില്ല, കഠിനാധ്വാനമാണ് പ്രധാനം. നിങ്ങളുടെ യാത്ര എല്ലാവർക്കും പ്രചോദനം നല്കുന്നതാണ്. സംരംഭകത്വ സ്വപ്നങ്ങളുമായി ജീവിക്കുന്നവർക്ക് നിങ്ങൾ വലിയ മാതൃകയാണ്’- ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
മോദി ഇത്രയേറെ പ്രശംസിച്ച സൊമാറ്റോയുടെ കപ്പിത്താനായ ദീപീന്ദർ ഗോയൽ ആരാണ്?. 2008 ലാണ് സൊമാറ്റോ എന്ന സ്റ്റാർട്ട് അപ്പ് സ്വപ്‌നത്തിലേക്ക് ദീപീന്ദർ ഗോയൽ ചുവടു വച്ചത്.
ബിസിനസ് പരമ്പര്യങ്ങളൊന്നിന്റെയും പിന്തുണയില്ലാത്ത മകന് തന്റെ വിജയം എത്തിപ്പിടിക്കാനാവുമോ എന്ന ആശങ്കയായിരുന്നു പിതാവിനെപ്പോഴും. നിന്റെ പിതാവ് ആരാണെന്ന് നിനക്ക് അറിയില്ലേ എന്നായിരുന്നു അൽപ്പം ആശങ്കയോടെ അദ്ദേഹം ദിപീന്ദറിനോട് ചോദിച്ചിരുന്നത്. എന്നാൽ പിതാവിന്റെ ആശങ്കകളെല്ലാം അഭിമാനത്തിലേക്ക് മാറ്റിയ വളർച്ചയായിരുന്നു ദീപീന്ദർ അതിന് ഉത്തരമായി നൽകിയത്.
മോദി സർക്കാരും അവരുടെ പദ്ധതികളും ആണ് ലക്ഷക്കണക്കിന് വരുന്ന ആളുകളുടെ വരുമാന മാർഗമായ സൊമാറ്റോ എന്ന വലിയൊരു സംരംഭം യാഥാർത്ഥ്യമാക്കാൻ ദീപീന്ദറിനെ സഹായിച്ചത്. ഇത് പല വേദികളിലും അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. പഞ്ചാബിലെ ചെറു പട്ടണത്തിൽ നിന്നും വന്ന ദീപീന്ദർ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽദായകരിലൊരാളാണ്.
ബെയിൻ ആന്റ് കമ്പനിയുടെ കീഴിൽ ജോലി ചെയ്തിരുന്ന ദീപീന്ദർ ഗോയലും സുഹൃത്ത് പങ്കജ് ഛദ്ദയും ഫുഡ്ഡീബെ എന്ന പേരിലായിരുന്നു സൊമാറ്റോയ്ക്ക് ആരംഭമിട്ടത്. റെസ്റ്റോറന്റുകളെ സജസ്റ്റ് ചെയ്യുന്ന പോർട്ടൽ ആയിട്ടായിരുന്നു തുടക്കം. 2010ൽ സൊമാറ്റോ എന്ന് പേര് മാറ്റി. പിന്നീടങ്ങാേട്ട് കമ്പനിയുടെ അത്ഭുതകരമായ വളർച്ചക്കാണ് നാം സാക്ഷ്യം വഹിച്ചത്.
2011ൽ സൊമാറ്റോ ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നെ, പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളിലേയ്ക്ക് വ്യാപിച്ചു. അടുത്ത വർഷമായപ്പോഴേക്കും യുഎഇ, ഖത്തർ, ശ്രീലങ്ക എന്നിങ്ങനെ വിദേശ രാജ്യങ്ങളിലും സൊമാറ്റോ തന്റെ ആധിപത്യം സ്ഥാപിച്ചു. 2015 ഓടെ അമേരിക്കയുടെ യെൽപ്പ്, ഫോർസ്‌ക്വയർ എന്നീ കമ്പനികളോളം വളർന്ന സൊമാറ്റോ ആ വർഷം തന്നെ ഫുഡ് ഡെലിവറി എന്ന ആശയത്തിലേക്ക് നീങ്ങുകയായിരുന്നു. ഇഷ്ടഭക്ഷണം വിരൽതുമ്പിലൂടെ വാതിൽക്കലേക്ക് എത്തിച്ച് ദീപീന്ദർ ഗോയലിന്റെ സ്വപ്‌നം ഇന്നും ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്.









