കൊൽക്കത്ത : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിൽ വ്യാപക ആക്രമണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. സംഘർഷത്തിൽ ബിജെപി സ്ഥാനാർത്ഥി അടക്കം നിരവധി പേർക്ക് പരിക്കേറ്റു.
ബംഗാളിലെ ഝാർഗ്രാമിൽ വെച്ച് ബിജെപി സ്ഥാനാർത്ഥി പ്രണത് ടുഡുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. പടിഞ്ഞാറൻ മിഡ്‌നാപൂർ ജില്ലയിലെ ഗർബെറ്റ ഏരിയയിൽ വെച്ച് ബിജെപി സ്ഥാനാർത്ഥിയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന് അകമ്പടി പോയ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. ചില പോളിങ് ബൂത്തുകളിൽ ബിജെപി ഏജൻ്റുമാരെ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ഗർബെറ്റയിലേക്ക് പോകുമ്പോഴായിരുന്നു സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം ഉണ്ടായത്.
ബംഗാളിൽ വിവിധ മേഖലകളിൽ ഉണ്ടായ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെയും തൃണമൂൽ പ്രവർത്തകരുടെ ആക്രമണം ഉണ്ടായി. എബിപി വാർത്താ സംഘത്തിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥിയുടെ വാഹനം ആക്രമിച്ച ശേഷം ഇഷ്ടിക ഉൾപ്പെടെയുള്ള വസ്തുക്കൾ കൊണ്ട് എറിഞ്ഞാണ് ആക്രമണം നടത്തിയത്. സ്ഥാനാർത്ഥിയുടെ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് സിഐഎസ്എഫ് ജവാന്മാർക്ക് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാളിൽ തോൽവി മനസ്സിലാക്കിയതോടെ സമനില തെറ്റിയ അവസ്ഥയിലാണ് മമതാ ബാനർജിയും അണികളും എന്ന് ബിജെപി പ്രതികരിച്ചു.
Discussion about this post