തൃശ്ശൂർ: എല്ലാ അസുഖങ്ങൾക്കുമുള്ള തന്റെ മരുന്നാണ് മൂത്രമെന്ന് നടൻ കൊല്ലം തുളസി. ക്യാൻസർ പിടിപെട്ടപ്പോൾ അതിജീവിച്ചത് മൂത്രം കുടിച്ചാണെന്നും കൊല്ലം തുളസി പറഞ്ഞു. മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചർച്ചചെയ്യാൻ ചേർന്ന യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി.
എന്ത് അസുഖത്തിനും മരുന്നായി കഴിക്കുക മൂത്രമാണ്. അല്ലാതെ ആശുപത്രിയിൽ പോകുകയോ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി കഴിക്കുകയോ ചെയ്യാറില്ല. കാൻസർ പിടിപെട്ടപ്പോൾ അതിജീവിക്കാൻ പല വഴികളും തേടിയിരുന്നു. എന്നാൽ ഫലം കണ്ടില്ല. മൂത്രമാണ് അവസാനം രോഗശാന്തി നൽകിയത്. തന്നെ പോലെ പലരും പല അസുഖങ്ങൾക്കുമായി മൂത്രം കുടിക്കാറുണ്ട്. എന്നാൽ ആരും പുറത്ത് പറയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യ ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളും പരാജയപ്പെടുമ്പോഴാണ് നമ്മൾ മറ്റ് വഴികൾ തേടി പോകുന്നത്. ക്യാൻസർ ബാധിച്ചപ്പോഴും ഇതേ അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അപ്പോഴാണ് ് യൂറിൻ തെറാപ്പിയെപ്പറ്റി അറിഞ്ഞത്.
ഇപ്പോൾ എനിക്ക് 75 വയസ്സുണ്ട്. ഇനിയൊരു 25 വർഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹം. മൂത്രം പരിശുദ്ധമാണ്. അസുഖങ്ങൾക്കായി ആശുപത്രികൾ കയറി ഇറങ്ങേണ്ട ആവശ്യം ഇല്ല. മൂത്രം കുടിയ്ക്കാം. എല്ലാവരും മൂത്രം കുടിയ്ക്കാൻ തുടങ്ങണം. അങ്ങനെയെങ്കിൽ കുറച്ച് കാലം കൂടി ജീവിക്കാം. ഞാൻ എന്റെ മൂത്രം കുടിയ്ക്കും. ഇതിന് പലരും എന്നെ ചീത്ത വിളിച്ചിട്ടുണ്ട്. എന്നാലും ഇക്കാര്യം തുറന്ന് പറയാൻ മടിയില്ലെന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു.












