ലക്‌നൗ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റ ഫലം വരുമ്പോൾ കോൺഗ്രസിന് 40 ൽ താഴെ സീറ്റുകൾ മാത്രം ലഭിക്കുകയൊള്ളു എന്ന് അദ്ദേഹം പറഞ്ഞു. സഖ്യകക്ഷിയായ സമാജ്വാദി പാർട്ടി വെറും നാല് സീറ്റിലേക്ക് കുറയുകയും ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ കുശിനഗറിൽ ബിജെപി സ്ഥാനാർഥി വിജയ് കുമാർ ദുബെയ്ക്കുവേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു അമിത് ഷാ .
രാഹുൽ ബാബ (രാഹുൽ ഗാന്ധി), നിങ്ങളുടെ കോൺഗ്രസ് പാർട്ടിക്ക് 40 സീറ്റുകൾ പോലും ലഭിക്കില്ല. അടുത്ത അഞ്ച് വർഷത്തേക്ക് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരും. അദ്ദേഹം ആ സ്ഥാനം വഹിക്കണമെന്ന് രാജ്യത്തെ ജനങ്ങൾ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട് എന്നും അമിത് ഷാ പറഞ്ഞു.
കിഴക്കൻ ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് ഷെഹ്സാദുകളും തമ്മിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് മത്സരമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, തേജസ്വി യാദവ് എന്നിവരെ പരാമർശിച്ചാണ് അദ്ദേഹം പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിലും ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടന്നിരുന്നു. അവസാന ഘട്ടം ശനിയാഴ്ചയാണ്. ഈ സംസ്ഥാനത്ത്, സീറ്റ് വിഭജന ധാരണയുണ്ടാക്കി സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് .












