തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. സരിത പറയുന്നത് കേരളം വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവർ നൽകിയ ചെക്കുപോലും മടങ്ങിപ്പോകുകയായിരുന്നു. സരിത കോടികള്‍ തന്നെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിയ്ക്കുമോ? ഇത്രയും പണം നൽകിയെങ്കിൽ അതിലൂടെ അവർ എന്തു നേടിയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതുകൊണ്ടൊന്നും കേരളത്തിലെ ജനങ്ങളുടെ ചിന്താഗതി മാറ്റാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തന്റെ ഒരു ലെറ്റര്‍ പാഡ് പോലും സരിതയ്ക്ക് കിട്ടിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സരിതയുടെ തട്ടിപ്പ് വിശ്വസിക്കുന്നവർ നാളെ ദുഃഖിക്കേണ്ടിവരും. ചില മാധ്യമങ്ങൾ സോളർ കമ്പനിയെ മഹത്വവത്കരിച്ചു. ഇവർ മാധ്യമങ്ങളുടെ അടക്കം പലരുടെയു പേരുകൾ ഉപയോഗിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ അടങ്ങിയ ഒരു സിഡി തനിക്ക് ലഭിച്ചിട്ടുണ്ട്. അതു താൻ പുറത്തുവിട്ടിട്ടില്ല. വ്യക്തിപരമായി വന്നാൽ കാണിച്ചുതരാമെന്നും പല മാന്യന്മാരുടെയും പേരുകൾ അതിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സന്തത സഹചാരികളായിരുന്ന പേഴ്‌സണന്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോനും, ടെനി ജോപ്പനും സരിതയുമായുള്ള ബന്ധം സോളാര്‍ കമ്മീഷന്് മുന്നില്‍ തുറന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ പരിഹാസ്യമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സരിതയുടെ ആരോപണങ്ങള്‍ ആര്യാടന്‍ മുഹമ്മദും നിഷേധിച്ചു. സരിതയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ആര്യാടന്‍ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ സരിത ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ ഗുരുതര വെളിപ്പെടുത്തലുകളാണ് നടത്തിയത്. മുഖ്യമന്ത്രിയ്ക്ക് 1 കോടി 90 ലക്ഷം രൂപ കോഴ നല്‍കിയെന്നും ആര്യാടന് 40 ലക്ഷം രൂപ കോഴ നല്‍കിയെന്നുമാണ് സരിത മൊഴി നല്‍കിയത്.
Discussion about this post