ചെന്നൈ:രാഷ്ട്രീയപരമായി വലിയ സുഹൃത്തുക്കളാണ് പിണറായി വിജയനും എം കെ സ്റ്റാലിനും. പറയുമ്പോൾ ആഗോള സാഹോദര്യവും മറ്റുമൊക്കെ പറയുമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ ഒരു രാഷ്ട്രീയവും അതിൽ ഇടപെടാൻ കഴിയുകയില്ല എന്ന് വ്യക്തമാക്കുന്ന നടപടിയുമായി മുന്നോട്ട് പോവുകയാണ് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ചിലന്തിയാറിലും തമിഴ്‌നാടിന്റെ അനുമതിയില്ലാതെ ഒരു ഇഷ്ടിക പോലും തൊടാന്‍ കേരളത്തെ അനുവദിക്കില്ലെന്ന പരാമർശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് തമിഴ്‌നാട് സർക്കാർ . തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകനാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതിനു പുറകിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കൃത്യമായ സ്വാധീനം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നടപടികളുമായി കേരള സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണു ദുരൈമുരുകന്റെ പ്രതികരണം. ചിലന്തിയാറില്‍ തടയണ നിര്‍മിക്കുന്നതിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണു തമിഴ്‌നാട്ടില്‍ നടക്കുന്നത്.
ചിലന്തിയാറിൽ തടയണ നിർമ്മിക്കുന്നതോടെ തമിഴ്‌നാട്ടിലേക്ക് പോകുന്ന വെള്ളത്തിൽ കുറവ് വരുമെന്നാണ് തമിഴ്‌നാടിന്റെ വാദം
പുതിയ അണക്കെട്ടിനുള്ള കേരള നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അടക്കം കഴിഞ്ഞദിവസം കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. കേരളത്തിന്റെ നടപടികള്‍ കോടതിയലക്ഷ്യമാണെന്നും അതിൽ നിന്നും പിന്മാറണമെന്നും തമിഴ്‌നാട് സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ യുടെ കനിവിലാണ് സി പി എമ്മിന് അവിടെ സീറ്റ് കിട്ടിയിരിക്കുന്നത്.
പുതിയ അണക്കെട്ടിനായി പാരിസ്ഥിതിക അനുമതിക്കു കേരളം നീക്കം തുടങ്ങിയതാണ് സ്റ്റാലിനെ ചൊടിപ്പിച്ചത്. എന്തായാലും സാഹോദര്യവും സോഷ്യലിസവും ഒക്കെ ഇത്രയേ ഉള്ളൂ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഉയരുന്ന അഭിപ്രായം








