ന്യൂഡൽഹി: വോട്ടിംഗ് മെഷീനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കാൻ സ്ഥാനാർത്ഥികൾ ഇനി മുതൽ പണം നൽകേണ്ടിവരുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് ശേഷം മൈക്രോ കൺട്രോൾ യൂണിറ്റ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. നാൽപ്പതിനായിരം രൂപയും ജിഎസ്ടിയും നൽകണം എന്നാണ് നിർദ്ദശം.
തിരഞ്ഞെടുപ്പിൽ തോൽക്കുന്ന സ്ഥാനാർത്ഥികൾ, അതും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്കാണ് കൺട്രോൺ യൂണിറ്റ് പരിശോധിക്കാനുള്ള അവസരം ഉണ്ടാകുക. കൺട്രോൾ യൂണിറ്റ്,ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കാം ഇതിനായി നാൽപ്പതിനായിരം രൂപയ്ക്ക് പുറമേ 18 ശതമാനം ജിഎസ്ടി ആണ് നൽകേണ്ടത്.
വോട്ടിന്റെ കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ പരിശോധന നടത്തണം. നാളെ തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞാൽ ഈ മാസം 10 വരെ പരിശോധനയ്ക്കായി ആവശ്യപ്പെടാം.
മൈക്രോ കൺട്രോൾ യൂണിറ്റ് പരിശോധിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കാണ് അപേക്ഷ നൽകേണ്ടത്. ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകൾ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കൈമാറണം. ഈ അപേക്ഷകൾ തുടർന്ന് ഇവിഎം നിർമ്മാതാക്കൾക്ക് കൈമാറും. തുടർന്ന് ഇത് ഇവിഎം നിർമ്മാതാക്കൾക്ക് കൈമാറണം എന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
വോട്ടിംഗ് മെഷീൻ നിർമ്മാതാക്കളായ ഇസിഐഎൽ, ബിഇഎൽ എന്നീ സ്ഥാപനങ്ങളിലെ എൻജിനീയർമാരുടെ സാന്നിദ്ധ്യത്തിൽ ആയിരിക്കും പരിശോധന. രണ്ട് മാസം കൊണ്ട് പരിശോധനാ നടപടികൾ പൂർത്തിയാക്കണം. കേസുണ്ടെങ്കിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പരിശോധനയെന്നും മാർഗ രേഖയിൽ പറയുന്നു.
Discussion about this post