ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിനായുള്ള ശ്രമങ്ങൾ വേഗത്തിലാക്കി എൻഡിഎ. വൈകീട്ടോടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി എൻഡിഎ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണും. സർക്കാർ രൂപീകരിക്കുന്നകാര്യം ചർച്ച ചെയ്യാൻ എൻഡിഎ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമാണ് നേതാക്കൾ മുർമുവിനെ കാണുന്നത്.
പ്രധാനമന്ത്രിയുടെ വസതിയിൽ ആണ് നിർണായക യോഗം. . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജെഡിയു നേതാക്കളായ ലല്ലൻ സിംഗ്, സഞ്ജയ് ഝാ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നിലവിൽ ടിഡിപിയുടെയും ജെഡിയുവിന്റെയും പിന്തുണ ബിജെപിയ്ക്കാണ്.
തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്ന് രാവിലെയോടെയാണ് തങ്ങൾ എൻഡിഎയ്ക്ക് ഒപ്പമാണെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്. യോഗത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിന് മുൻപും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചിരുന്നു.
അതേസമയം നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. എൻഡിഎ യോഗത്തിന് പിന്നാലെ രാഷ്ട്രപതി ഭവനിൽ എത്തിയായിരുന്നു രാജി സമർപ്പിച്ചത്. ശനിയാഴ്ചവരെ അദ്ദേഹം കാവൽ പ്രധാനമന്ത്രിയായി തുടരും. ശനിയാഴ്ച വൈകീട്ടോടെയാണ് അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
Discussion about this post