ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിനായി എൻഡിഎ നേതാക്കൾ വെള്ളിയാഴ്ച രാഷ്ട്രപതിയെ കാണുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ വസതിയിൽ ഉച്ചയ്ക്ക് ചേർന്ന യോഗത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട തീരുമാനം. യോഗത്തിന് ശേഷം നേതാക്കൾ രാഷ്ട്രപതിയെ കാണുമെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വിവരം.
വെള്ളിയാഴ്ച എൻഡിഎ നേതാക്കൾ മറ്റൊരു യോഗം കൂടി ചേരുന്നുണ്ട്. ഇതിന് പിന്നാലെയാകും രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കുക. ശനിയാഴ്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും. ഇതിന് പിന്നാലെ മറ്റ് കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഉണ്ടാകും.
ഉച്ചയോടെ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എൻഡിഎ നേതാക്കൾ നേതാവായി തിരഞ്ഞെടുത്തു. ഐക്യകണ്‌ഠേനയായിരുന്നു അദ്ദേഹത്തെ നേതാവായി പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിജെഡി നേതാവ് നിതീഷ്, എൽജെപി നേതാവ് ചിരാംഗ് പാസ്വാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.










