തിരുവനന്തപുരം: സോളര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായി. കോഴിക്കോട് റയില്‍വെ സ്റ്റേഷനില്‍ ഉമ്മന്‍ചാണ്ടിക്കു നേരെ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ഗസ്റ്റ് ഹൗസിന് സമീപം കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ സോളര്‍ കമ്മിഷനില്‍ സരിത എസ്. നായര്‍ ഇന്നലെ സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു.
മുഖ്യമന്ത്രിക്ക് എന്ന പേരില്‍ അഡീഷനല്‍ പിഎ ജിക്കുമോന്‍ ജേക്കബ് ആവശ്യപ്പെട്ടതനുസരിച്ച് രണ്ടുതവണയായി 1.90 കോടി രൂപ ഡല്‍ഹിയിലെ തോമസ് കുരുവിളയ്ക്കു കൈമാറിയെന്നാണ് സരിത സോളര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷനു മൊഴി നല്‍കിയത്.
സരിത എസ്. നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു. കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയ സരിതയെ അറസ്റ്റ് ചെയ്യണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
അതേസമയം, സരിത ഇന്ന് വീണ്ടും സോളര്‍ കമ്മിഷനില്‍ എത്തും. കൂടുതല്‍ വിവാദ വെളിപ്പെടുത്തലുകള്‍ സരിത ഇന്ന് നടത്തിയേക്കുമെന്നാണ് സൂചന.
Discussion about this post