കാലിഫോർണിയ: ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വംശജ സുനിത വില്യംസിനെയും സംഘത്തെയും ആശങ്കയിലാക്കി അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടൈത്തി. ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയ ആയ എന്ററോബാക്ടർ ബുഗൻഡൻസിസിന്റെ സാന്നിധ്യമാണ് നിലയിത്തിൽ കണ്ടെത്തിയിരിക്കുന്നത്. ശ്വാസകോശത്തെ അപകടകരമായ രീതിയിൽ ബാധിക്കുന്ന ഈ ബാക്ടീരിയകളെ സൂപ്പർ ബഗ് എന്നാണ് വിളിക്കുന്നത്.
ഏറെ കാലമായി ഇവ നിലയത്തിൽ ഉണ്ടായിരുന്നു. എന്നാൽ, അടഞ്ഞ അന്തരീക്ഷത്തിൽ ജനിതക മാറ്റം സംഭവിച്ച് കൂടുതൽ ശക്തി പ്രാപിച്ചിരിക്കുകയാണ്. ഭൂമിയിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ഇവ നിലയത്തിലെത്തുന്നത്. 24 വർഷത്തോളം ബഹിരാകാശത്തുള്ള ഈ ബാക്ടീരിയകൾ ഭൂമിയിലുള്ള ബാക്ടീരിയകളേക്കാൾ ഏറെ അപകടകാരികളാണ്. നിലയത്തിൽ കഴിയുന്ന ബഹിരാകാശ യാത്രികരുടെ പ്രതിരോധ ശേഷി ഭൂമിയിൽ നിന്നും ഏറെ വ്യത്യസ്ഥമായതുകൊണ്ടു തന്നെ ഭൂമിയിലെ ചികിത്സാ രീതി എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാൻ കഴിയില്ല.
ജൂൺ 6നാണ് സുനിത വില്യംസ്, സഹയാത്രികനായ ബാരി യൂജിൻ എന്നിവർ ബഹിരാകാശ നിലയത്തിൽ എത്തിയത്. നിലയത്തിലുള്ള ബാക്കി ഏഴുപേരും ഏറെ കാലമായി നിലയത്തിലുള്ളവരാണ്. ബാക്ടീരിയയെ കണ്ടെത്തിയതുകൊണ്ട് തന്നെ ഒരാഴ്ച്ചത്തെ നിരീക്ഷണത്തിന് ശേഷം മാത്രമാണ് സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് തിരികെ മടങ്ങാനാകൂ.












