കഴിഞ്ഞ ദിവമാണ് മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി ഭവനിൽ നടന്ന പരിപാടിയിൽ ലോക നേതാക്കൾ ഉൾപ്പെടെ എണ്ണായിരത്തോളം വിശിഷ്ടാഥിതികളും പങ്കെടുത്തു. എന്നാൽ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു അതിഥി കൂടി അവിടെയെത്തി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പിന്നീട് ഈ അതിഥിയെപ്പറ്റിയായി ചർച്ച.
ബിജെപി എംപി ദുർഗാദാസ് ഉയികെ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ വേദിയ്ക്ക് പുറകിലൂടെ ഒരു ജീവി നടന്ന് നീങ്ങിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. തൊട്ട് പിന്നാലെ തന്നെ പുലിയാണ് നടന്ന് നീങ്ങിയത് എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചു. പിന്നീട് ഡൽഹി പോലീസ് കണ്ടത് പുലിയല്ല പൂച്ചയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ എല്ലാവർക്കും സമാധാനമായി. സോഷ്യൽ മീഡിയയിലെ ചർച്ചകൾക്കും വിരാമമായി.
രാഷ്ട്രപതി ഭവനിൽ പൂച്ചയെ കണ്ട് പുലിയെന്ന് തെറ്റിദ്ധരിച്ചവരെ തെറ്റ് പറയാൻ കഴിയില്ല. കാരണം രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ റയ്‌സിന ഹിൽസ് വനമേഖല ആയിരുന്നു. നമ്മുടെ രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രമായ ഡൽഹിയിൽ തലയെടുപ്പോടെ നിൽക്കുന്ന രാഷ്ട്രപതി ഭവൻ നമുക്ക് ബ്രിട്ടീഷുകാരിൽ നിന്നും കൈമാറി ലഭിച്ചതാണ്.
ബ്രിട്ടീഷ് അധിനിവേശത്തിന്റെ കാലത്ത് പശ്ചിമ ബംഗാളിലെ കൊൽക്കത്തയായിരുന്നു രാജ്യത്തിന്റെ തലസ്ഥാനം. പിന്നീട് തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റാൻ ബ്രിട്ടീഷുകാർ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നഗരം പുനർനിർമ്മിക്കാൻ തീരുമാനിച്ചു. പിന്നീട് റെയ്‌സീന ഹിൽസ് ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷുകാർ സ്വന്തമാക്കുകയായിരുന്നു.,
എക്‌സ് മാൽച ഗ്രാമങ്ങളിൽ നിന്നായി 300 കുടുംബങ്ങളിൽ നിന്നുമാണ് ഈ ഭൂമി ഏറ്റെടുത്തത്. ഇതോടെയാണ് റെയ്‌സിന ഹിൽസ് എന്ന പേര് പ്രദേശത്തിന് വന്നതും. ഏകദേശം നാലായിരത്തിലധികം ഏക്കർ വരുന്ന ഭൂമി ബ്രിട്ടീഷുകാർ 1894 ലെ ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരമായിരുന്നു ഏറ്റെടുത്തത്. പിന്നീട് ഇവിടെ ബ്രിട്ടീഷുകാർ വൈസ്രോയിയ്ക്കായി നിർമ്മിച്ച വീട് ആയിരുന്നു പിന്നീട് രാഷ്ട്രപതി ഭവനായി മാറിയത്. ബ്രിട്ടീഷ് ശിൽപ്പികളായ എഡ്വിൻ ലൂട്ടിയൻസ്, ഹെർബർട്ട് ബേക്കർ എന്നിവർ ചേർന്നായിരുന്നു ഇതിന്റെ നിർമ്മാണം. 1931 ലാണ് ഈ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായത്. പിന്നീട് സ്വാതന്ത്ര്യം ലഭിച്ച ശേഷം
ഈ കെട്ടിടം ബ്രിട്ടീഷുകാർ ഇന്ത്യൻ സർക്കാരിന് കൈമാറുകയായിരുന്നു.ഇന്ന് നമ്മുടെ ഇന്ത്യയിലെ പ്രധാനപ്പെട്ട സർക്കാർ കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശം കൂടിയാണ് റെയ്‌സിന ഹിൽസ്. രാഷ്ട്രപതി ഭവൻ, രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി, പ്രധാനമന്ത്രിയുടെ ഓഫീസും മറ്റ് മന്ത്രാലയങ്ങളും ഉൾപ്പെടുന്ന സെക്രട്ടേറിയേറ്റ് കെട്ടിടം എന്നിവയും ഇ ഇവിടെയാണ്. പാർലമെന്റ്, രാജ്പഥ്, ഇന്ത്യ ഗേറ്റ് എന്നിവയും ഈ പ്രദേശത്ത് ഉൾപ്പെടുന്നു.
Discussion about this post