ഇനി എത്ര ധനികർ വന്ന് പോയാലും ഇന്ത്യക്കാർക്ക് അധികവും അറിയുന്ന കോടിശ്വരൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവൂ. മുകേഷ് അംബാനി. അത്ര മേൽ ആ ബ്രാൻഡ് ഇന്ന് വളർന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നാണ് അംബാനി കുടുംബം. ഇവിടെ ഇപ്പോൾ കല്യാണ മേളമാണ്. ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് ആഘോഷ തിരക്കിലാണ് എല്ലാവരും. ഇപ്പോഴിതാ മൂത്ത മക്കളായ ആകാശിനും ഇഷയ്ക്കും ആ പേരുകൾ നൽകിയതിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ സഹധർമ്മിണി നിത അംബാനി.
1991 ഒക്ടോബറിൽ ആണ് മുകേഷ് അംബാനിക്കും നിത അംബാനിക്കും ഇരട്ട കുഞ്ഞുങ്ങൾ ജനിക്കുന്നത്. എന്നാൽ പ്രസവസമയത്ത് മുകേഷ് അംബാനി ഇന്ത്യയിലേയ്ക്കുള്ള മടക്കയാത്രയിൽ ആയിരുന്നു. ഇന്ത്യയിൽ ഫ്‌ലൈറ്റ് ലാൻഡ് ചെയ്ത സമയത്താണ് അമേരിക്കയിലേക്ക് അടിയന്തരമായി മടങ്ങിയെത്തണമെന്ന് അംബാനിക്ക് അറിയിപ്പ് ലഭിച്ചത്. അതോടെ അദ്ദേഹം അമ്മ കോകില ബെന്നുമായി തിരികെ അമേരിക്കയിലേക്ക് യാത്ര ആരംഭിച്ചു.
ഇരുവരും അമേരിക്കയിൽ എത്തുന്നതിന് മുമ്പു തന്നെ നിത ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. വിമാനത്തിന്റെ പൈലറ്റാണ് മുകേഷ് അംബാനി ഇരട്ടക്കുട്ടികളുടെ അച്ഛനായ വിവരം അനൗൺസ് ചെയ്തത്. ഒരു ആൺകുഞ്ഞും പെൺകുഞ്ഞുമാണെന്നും പൈലറ്റ് അറിയിച്ചു.
വിമാനത്തിൽ ഇരുന്നുകൊണ്ട് താഴെ മലനിരകളുടെ കാഴ്ച ആസ്വദിക്കുന്നതിനിടയാണ് മകൾ ജനിച്ച വാർത്ത അംബാനി അറിഞ്ഞത്. അതിനാൽ പർവതങ്ങളുടെ ദേവത എന്ന് അർഥം വരുന്ന ഇഷ എന്ന പേര് തന്നെ പെൺകുഞ്ഞിന് നൽകി. ആകാശത്തിലൂടെയുള്ള യാത്രയ്ക്കിടെ അച്ഛനായതിനാലാണ് മകന് ആകാശ് എന്ന പേര് തിരഞ്ഞെടുത്തത്
അതേസമയം നിത അംബാനിക്ക് മാത്രമല്ല ഇഷാ അംബാനിക്കും ഇരട്ടക്കുട്ടികളാണ് ജനിച്ചത്. കൃഷ്ണ, ആദിത്യ എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകൾ.
Discussion about this post